ചിൻമയിക്ക് പിറന്നാൾ മധുരം

മണിരത്‌നത്തിന്റെ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിലൂടെ തെന്നിന്ത്യൻ സംഗീത ലോകത്തിന് ലഭിച്ച മികച്ച ഗായികയാണ് ചിൻമയി. ആദ്യ ഗാനത്തിലൂടെ തന്നെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ചിൻമയി നിരവധി ഹിറ്റ് ഗാനങ്ങൾ കോളീവുഡിന് സമ്മാനിച്ചിട്ടുണ്ട്. ഗായിക മാത്രമല്ല തമിഴിലെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ്, അവതാരിക, റേഡിയോ ജോക്കി, ബിസിനസുകാരി എന്നീ നിലകളിലെല്ലാം പേരെടുത്ത ചിൻമയിക്ക് ജന്മദിനം.

1984 സെപ്റ്റംബർ 10 നു മുംബൈയിലാണ് ചിന്മയിയുടെ ജനനം. കർണ്ണാടക സംഗീതജ്ഞയും സംഗീത അദ്ധ്യാപികയുമായ ടി. പത്മഹാസിനിയായിരുന്ന ചിന്മയിയുടെ ആദ്യ ഗുരു. 2002ൽ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദേശീയ പുരസ്‌കാരം ലഭിച്ചില്ല എങ്കിലും തമിഴ്‌നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഈ ഗാനത്തിനു ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ പാടിയിട്ടുള്ള ഗായികയാണ് ചിൻമയി.

ഭൂമിക ചൗള, പത്മപ്രിയ, കങ്കണ റൗണത്, വേദിക കുമാർ, സമീറ റെഡ്ഡി, നീതു ചന്ദ്ര, രാധിക ആപ്‌തേ, സാമന്ത പ്രഭു, തപ്‌സി പാനു, കാജൽ അഗർവാൾ, ആമി ജാക്‌സൺ, അനുഷ്‌ക ഷെട്ടി, തൃഷ കൃഷ്ണൻ, സോനാക്ഷി സിൻഹ തുടങ്ങിയ നായകമാർക്കെല്ലാം ചിൻമയി ശബ്ദം നൽകിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം രണ്ട് വട്ടവും മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം രണ്ട് വട്ടവും ചിന്മയിയെ തേടി എത്തിയിട്ടുണ്ട്.

ചിന്മയി ആലപിച്ച മലയാളം ഗാനങ്ങൾ

കുക്കൂ കുക്കൂ... വാൽക്കണ്ണാടി

എന്നത്തവം ശെയ്തനെയ് യശോദാ... തിളക്കം

പ്രാവുകൾ ... അകലെ

മല്ലികേ മല്ലികേ ... ഉത്തരാസ്വയംവരം

വന്ദേ മാതരം ...വന്ദേ മാതരം

സ്വന്തം സ്വന്തം ...ഒരു സ്‌മോൾ ഫാമിലി

ഉണരൂ മിഴിയഴകേ ... ട്രാഫിക്ക്

മലർമഞ്ജരിയിൽ ... കർമ്മയോഗി

മായാതെ ഓർമ്മയിൽ...ഹീറോ

സ്വർണ്ണത്തേരിലേറി...മാന്ത്രികൻ

ഝും തന ...ഒറീസ്സ

നീയെൻ വെണ്ണിലാ ...കസിൻസ്

ഇളവെയിൽ ...നിർണായകം