ആത്മാർപ്പണത്തിന്റെ സംഗീതമാതൃക

വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും ഒരുപോലെ കണ്ട വ്യക്തിയായിരുന്നു എം.എസ്. വിശ്വനാഥൻസാർ. അങ്ങനെയുള്ളവർ വളരെ അപൂർവമാണ്. മുഖത്ത് ഒരു ചിരിയില്ലാതെ അദ്ദേഹത്തെ ഇന്നേവരെ കണ്ടിട്ടില്ല. അത്രയേറെ സന്തോഷമാണ് എപ്പോഴും. തന്റെ സന്തോഷം മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ എപ്പോഴും അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കും. ഒരു കുട്ടിയുടെ നിഷ്കളങ്കത എംഎസ്‌വി സാറിന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കുറെ പാട്ടുകൾ പാടാനുള്ള അവസരമുണ്ടായിട്ടുണ്ട്. അതുതന്നെ വലിയ ഒരു അനുഭവമാണ്. റിക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിയാൽ എപ്പോഴും ആദ്യഗാനം ചെയ്യുന്നതു പോലെയാണ്. അത്രയേറെ ടെൻഷനാണ്. ഹൃദയത്തോടു ചേർത്തു വച്ചാണ് ഓരോ പാട്ടും ചിട്ടപ്പെടുത്തുന്നത്. ആ ആത്മാർപ്പണം എല്ലാവർക്കും മാതൃകയാണ്.

സിനിമാ സംഗീതം ഇത്രയേറെ സാങ്കേതികമായി വികസിച്ചിട്ടില്ലാത്ത അന്നത്തെ കാലത്ത് എത്ര മനോഹരമായ സംഗീതസൃഷ്ടികളാണ് അദ്ദേഹം നടത്തിയത്. ഇന്നു റിയാലിറ്റി ഷോകളിൽ പല കുട്ടികളും പാടുന്നത് എംഎസ്‌വി സാറിന്റെ ഗാനങ്ങളാണ്. അത്രയേറെ മികച്ച രീതിയിലാണ് അദ്ദേഹം ഓരോ ഗാനവും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഗാനങ്ങളിലെ ഓരോരോ വരികൾക്കും ജീവൻ നൽകാൻ അദ്ദേഹം ശ്രമിച്ചു.

സംഗീത സംവിധായകൻ എന്നതിലപ്പുറം എംഎസ്‌വി സാർ ഒരു നല്ല മനുഷ്യനായിരുന്നു. മനസ്സിൽ നന്മയുള്ള മനുഷ്യൻ. അദ്ദേഹം കടന്നു വരുമ്പോൾ കർപ്പൂരത്തിന്റെ ഗന്ധം ചുറ്റുമുണ്ടാകും. പ്രാർഥനകളില്ലാതെ അദ്ദേഹത്തിന്റെ ദിവസങ്ങൾ ആരംഭിക്കുകയോ അവസാനിക്കുകയോ ഇല്ല. സംഗീത ലോകത്ത് ഉയരങ്ങൾ താണ്ടിയപ്പോഴും കൂടുതൽ വിനയാന്വിതനായി. ആരെങ്കിലും ഒരു ചടങ്ങിനു ക്ഷണിച്ചാൽ, വിളിച്ചയാളിന്റെ വലുപ്പച്ചെറുപ്പം അദ്ദേഹം നോക്കാറില്ല. വരുമെന്ന് ഉറപ്പ്.

എംഎസ്‌വി സാറിനെക്കുറിച്ചു പറഞ്ഞുകേട്ട ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ അടുക്കൽ ദിവസവും ഒട്ടേറെ പേർ അവസരങ്ങൾ ചോദിച്ച് എത്തുമായിരുന്നു. കഴിയാവുന്നവർക്കൊക്കെ അദ്ദേഹം അവസരം നൽകും. എന്നിട്ടും കുറച്ചു പേർ വീടിനു മുന്നിൽ ബാക്കിയാവും. അവർക്കെല്ലാം അദ്ദേഹം പണം നൽകും, അന്നത്തെ ഭക്ഷണം കഴിക്കാൻ. തനിക്കു ചുറ്റുമുള്ളവരെ അത്രയേറെ സ്നേഹിച്ച അപൂർവ വ്യക്തിത്വമായിരുന്നു എംഎസ്‌വി സാർ.

തമിഴ്നാട്ടിലെ സംസ്ഥാനഗീതമായ ‘തമിഴ് തായ് വാഴ്ത്തു’ പോലും ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. സംഗീതരംഗത്തെ ഒരു യുഗമാണ് കഴിഞ്ഞത്. പക്ഷേ, എംഎസ്‌വി സാറിനു വേണ്ട രീതിയിലുള്ള, അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചില്ലെന്നതു മനസ്സിലെ വേദനയായി അവശേഷിക്കുന്നു.

എംഎസ്‌വിയുടെ ഹിറ്റ് പാട്ടുകൾ

കണ്ണുനീർത്തുള്ളിയെ സ്‌ത്രീയോടുപമിച്ച കാവ്യഭാവനേ... (പണിതീരാത്ത വീട്)

ഹൃദയവാഹിനീ... (ചന്ദ്രകാന്തം)

സുപ്രഭാതം സുപ്രഭാതം... (പണിതീരാത്ത വീട് )

ഈശ്വരനൊരിക്കൽ വിരുന്നിനു പോയി... (ലങ്കാദഹനം)

തിരുവാഭരണം ചാർത്തി വിടരും (ലങ്കാദഹനം)

ആ നിമിഷത്തിന്റെ നിർവൃതിയിൽ,രാജീവനയനേ... (ചന്ദ്രകാന്തം)

സ്വർണഗോപുര നർത്തകീശിൽപം... (ദിവ്യദർശനം)

സത്യനായകാ മുക്‌തിദായകാ... (ജീവിതം ഒരു ഗാനം)

നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങും... (ബാബുമോൻ)

നിശീഥിനി... (യക്ഷഗാനം)