അവരങ്ങനെ പാട്ടുപാടിയൊഴുകി

സൗണ്ട് ഓഫ് മ്യൂസിക് സിനിമയിൽ നിന്ന്.

1905 ജനുവരി. തണുപ്പൻ പാളങ്ങളിലൂടെ ഉഷ്ണപ്പുക തുപ്പി വിയന്നയിലേക്കു കുതിച്ച സബർബൻ ട്രെയിനിലെ കംപാർട്മെന്റിൽ ഒരു പെൺകുട്ടി പിറന്നു. മരിയ. പിൽക്കാലത്ത് ലോകം നെഞ്ചിലേറ്റിയ മഹത്തായ സംഗീതചിത്രത്തിന്റെ കഥ തുടങ്ങുന്നത് ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ആ പെൺകുട്ടിയിൽ നിന്നാണ്. സൗണ്ട് ഓഫ് മ്യൂസിക്. ലോകമെമ്പാടുമുള്ള സംഗീതാരാധകരുടെ ഹൃദയാകാശങ്ങളിൽ ഒരേ സ്വരമഴവില്ലു വരഞ്ഞ ചിത്രം. ട്രാപ് സംഗീതകുടുംബത്തെക്കുറിച്ച് മരിയ എഴുതിയ ഓർമക്കുറിപ്പുകളിൽ നിന്നാണ് സൗണ്ട് ഓഫ് മ്യൂസിക്കിന്റെ തിരശീലപ്പിറവി. 1965ൽ റോബർട്ട് വൈസിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ ചിത്രം നേടിയത് അ‍ഞ്ച് ഓസ്കറും രണ്ടു ഗോൾഡൻ ഗ്ലോബും. ആ വർഷത്തെ ഏറ്റവും പണംവാരിപ്പടങ്ങളിലൊന്നായി ജൂലി ആൻഡ്രൂസും ക്രിസ്റ്റഫർ പ്ലമറും മൽസരിച്ച് അഭിനയിച്ച സംഗീതചിത്രം.

ഒരു മെഴുകുതിരി പാടിത്തുടങ്ങുന്നു

ഓരോവട്ടം ഈ ചിത്രം കാണുമ്പോഴും നാം കഥാനായികയുടെ കുട്ടിക്കാലത്തേക്കും കൗമാരത്തിലേക്കും പിൻനടന്നുകൊണ്ടേയിരുന്നു. പിന്നെ, കരഞ്ഞൊലിപ്പിച്ചും കവിൾ തുടുപ്പിച്ചും അവൾ കൂടെക്കൂട്ടിയ പാട്ടുനാണം കേട്ടു മതിവരാതെയുമിരുന്നു. തീവണ്ടിയാത്രയിൽ പിറന്ന ആ പെൺകുട്ടി പിന്നീട് ഒരു പാട്ടുകുടുംബത്തോടൊപ്പം ലോകംചുറ്റിയ കഥയാണ് സൗണ്ട് ഓഫ് മ്യൂസിക്കിനു പറയാനുള്ളത്. താരാട്ട് പാതിമൂളിനിർത്തി അമ്മയും വാൽസല്യക്കൈ തട്ടിമാറ്റി അച്ഛനും യാത്രയായതോടെ കുഞ്ഞുമരിയ തനിച്ചായി. പിന്നീടുള്ള കുറച്ചുകാലം അമ്മാവന്റെ തണലിൽ. പത്തൊമ്പതാം വയസ്സിൽ ഓശാനപ്പെരുന്നാളിനു കത്തിച്ച മെഴുകുതിരിച്ചോട്ടിൽനിന്നു മരിയ നേരെ നടന്നുപോയത് തൊട്ടടുത്തുള്ള കന്യാസ്ത്രീമഠത്തിലേക്കായിരുന്നു. പക്ഷേ, അൾത്താരയിലുരുകുന്ന മെഴുകുതിരികളുടെയും ബലിവേദിയിലെ ഇത്തിരിപ്പൂക്കളുടെയും പ്രാർഥനാമൗനങ്ങളിൽ നിശ്ശബ്ദയാകേണ്ടവളല്ല മരിയയെന്ന് മഠത്തിലെ മദർ സുപ്പീരിയറാണ് തിരിച്ചറിഞ്ഞത്. ജോർജ് വോൺ ട്രാപ്പ് എന്ന നേവൽ കമാൻഡറുടെ അമ്മയില്ലാത്ത മക്കളുടെ ആയയായി മരിയയെ മ‍ദർ പറഞ്ഞയയ്ക്കുന്നു. അമ്മയുടെ മരണമേൽപ്പിച്ച മുറിപ്പാടുകളിൽ ചോരപ്പൊടിപ്പുകളുമായി ഏഴു പിഞ്ചു ബാല്യങ്ങളാണ് കമാൻഡറുടെ ബംഗ്ലാവിൽ മരിയയെ കാത്തിരുന്നത്.

ഒരു പട്ടാള ക്യാംപിലെന്നവണ്ണം കടുത്ത അച്ചടക്കപാഠങ്ങൾ ആവർത്തിച്ചുരുവിടുന്ന കർക്കശക്കാരനായ പിതാവായിരുന്നു ജോർജ് വോൺ ട്രാപ്പ്. കൂടാതെ, ആദ്യ ഭാര്യ അഗത അകാലത്തിൽ വിട്ടുപിരി‍ഞ്ഞ സങ്കടത്തിൽ ഉൾക്കരഞ്ഞു ജീവിച്ചുതീർക്കുന്നൊരു പരുപരുക്കൻ. പട്ടാള യൂണിഫോമിലായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ കുഞ്ഞുമക്കൾ. പിതാവിന്റെ പിടിവാശിയും പരുക്കൻ സ്വഭാവവും കണ്ടു വളർന്ന കുഞ്ഞുങ്ങളുടെ പക്കൽ ഇത്തിരിയൊന്നുമായിരുന്നില്ല മഹാവികൃതിത്തരങ്ങൾ. മരിയ വരുന്നതോടെയാണ് ആ വീട്ടിനകത്തേക്ക് പാട്ടും പറവക്കൂട്ടങ്ങളും പൊട്ടിച്ചിരിയും കളിപ്പാട്ടങ്ങളും‌ വിരുന്നെത്തുന്നത്. ദൂരയാത്ര കഴിഞ്ഞു ജോർജ് തിരികെയെത്തിയപ്പോൾ കണ്ടത് പട്ടാള യൂണിഫോമിന്റെ വീർപ്പുമുട്ടിക്കുന്ന കുടുക്കുകൾ പൊട്ടിച്ച് മരിയ തുന്നിക്കൊടുത്ത മഴവില്ലുടുപ്പുകളണിഞ്ഞ് ചിരിച്ചുകളിക്കുന്ന കുഞ്ഞുങ്ങളെയാണ്. മക്കളുടെ മുഖത്തെ മായാത്ത ചിരി കണ്ട് ജോർജ് മരിയയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു.

പലായനം പാട്ടിനൊപ്പം

1927 നവംബർ 26ന് വിവാഹിതയാകുമ്പോൾ മരിയയ്ക്ക് വെറും 22 വയസ്സ്. ജോർജിനാകട്ടെ അവളേക്കാൾ 25 വയസ്സിന്റെ പ്രായക്കൂടുതലും. വിവാഹശേഷം മൂന്നു കുഞ്ഞുങ്ങൾ കൂടി വോൺ ട്രാപ്പ് കുടുംബത്തിലേക്കു വിരുന്നുവന്നു. പിന്നീടുള്ള നാളുകൾ ട്രാപ്പ് കുടുംബത്തിൽ പാട്ടൊഴിഞ്ഞതേയില്ല. പാടിത്തീരാതെ ഏതേതോ പല്ലവികൾ വീട്ടുമുറ്റത്തും വേലിപ്പൂപ്പടർപ്പിലും മൂളിനടന്നു. ചുറ്റിലും വിരിയുന്ന ഓരോ പൂവിതളിലും തൊട്ടുരുമ്മുന്ന ഓരോ കാറ്റിന്റെ കു‍ഞ്ഞിളംകയ്യിലും ട്രാപ്പ് കുടുംബത്തിലെ കുഞ്ഞുങ്ങൾക്കു വേണ്ടി കാലം ഒരു പാട്ടുസമ്മാനം കരുതിവച്ചു. അവർ വിരൽതൊട്ട പിയാനോയിലും ചുണ്ടോടടുപ്പിച്ച ഫ്ലൂട്ടിലും തോളോടു തോൾചേർത്ത വയലിനിലും പുത്തൻരാഗങ്ങൾ പിറന്നു. ബംഗ്ലാവിന്റെ ജനൽവാതിലുകൾക്കപ്പുറം ആ സംഗീതം കേൾക്കാൻ കാതുകൾ കാത്തുനിന്നു. ഓസ്ട്രിയയിലെ പാട്ടുവേദികളിലേക്കു ട്രാപ്പ് തന്റെ കുഞ്ഞുങ്ങളെ പറഞ്ഞയച്ചു. ദേവാലയങ്ങളിലും നഗരസദസ്സുകളിലും ട്രാപ്പ് സംഗീതം പുതിയ സ്വരവിലാസം എഴുതിച്ചേർക്കുകയായിരുന്നു.

എന്നാൽ, നേവൽ കമാൻഡറായ ജോർജിനെ കാത്ത് നാസികളുടെ തോക്കുമുനകൾ ഉന്നംപാർത്തിരിക്കാൻ തുടങ്ങിയതോടെ മരിയയുടെയും മക്കളുടെയും സംഗീതസ്വപ്നങ്ങളിൽ ഉൾഭീതിയുടെ അപസ്വരം മുഴങ്ങിക്കേട്ടു. പിന്നീടുള്ള നാളുകൾ ട്രാപ്പ് കുടുംബത്തിനു പലായനങ്ങളുടേതായിരുന്നു. നാസികളുടെ കരിങ്കൽത്തുറുങ്കിലേക്കു വലിച്ചിഴയ്ക്കപ്പെടാതിരിക്കാൻ ജോർജ് മരിയയെയും മക്കളെയും നെഞ്ചോടുചേർത്തു നാടോടിയെപ്പോലെ ഓരോരോയിടങ്ങളിൽ ഒളിച്ചുപാർത്തുകൊണ്ടേയിരുന്നു.

പലായനത്തിന്റെ പരിചയമില്ലാവഴികളിലും പതിയിരിപ്പുകളിലും ജോർജിനും കുടുംബത്തിനുമൊപ്പം അവരുടെ പ്രിയപ്പെട്ട പാട്ടുകളും കൂട്ടുവന്നു. അതുകൊണ്ടാണ് യുഎസിലും കാനഡയിലും ന്യൂയോർക്കിലും ട്രാപ്പ് സംഗീതത്തിന് അനായാസം ആരാധകരെ കീഴ്പ്പെടുത്താൻ കഴി‍ഞ്ഞത്.

നാസികളെ ഭയന്ന് ആൽപ്സ് പർവതനിരകൾ താണ്ടി സ്വിറ്റ്സർലൻഡിലേക്കു പലായനം നടത്തുന്ന വോൺ ട്രാപ്പ് കുടുംബത്തിന്റെ സന്തോഷസംഗീതം കേൾപ്പിച്ചുകൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്.

ഈണം ബാക്കിയാകുന്നു

ചിത്രം അവസാനിച്ചെങ്കിലും വോൺ ട്രാപ്പ് കുടുംബവും സംഗീതവും പിന്നെയും പിന്നെയും ബാക്കിയായി. പാട്ടുവഴിയേ ഓരോരോ നാടുകൾ തേടി അവർ യാത്ര തുടർന്നു. ഇനിയും കേൾക്കാകാതുകളിലേക്കു പുതിയ ഈണങ്ങളും ചുവടുകളുമായി ഒരു പാട്ടുകുടുംബത്തിന്റെ കടൽയാത്ര. ഓരോ പല്ലവിയും പാടിപ്പാടി പാട്ടു പതിയെപ്പതിയെ മൗനത്തിലേക്കു മാഞ്ഞുപോകുംപോലെ ട്രാപ്പ് കുടുംബത്തിലെ ഓരോരുത്തരായി ഓരോരോ പാട്ടിടവേളകളിൽ യാത്രയായി. ജോർജിനെ അടക്കിയ കുടുംബക്കല്ലറയിലേക്ക് 1987ൽ, യാത്രയാകും മുൻപേ, മരിയ വോൺ ട്രാപ്പ് മാഞ്ഞുതുടങ്ങിയ പാട്ടോർമകളുടെ പൊടി തട്ടി അവരുടെ സംഗീതജീവിതത്തിന്റെ യാത്രാക്കുറിപ്പുകൾ എഴുതിത്തീർത്തിരുന്നു. ഈ ഓർമക്കുറിപ്പുകളിൽനിന്നു റോബർട്ട് വൈസ് സൗണ്ട് ഓഫ് മ്യൂസിക്കിന് ദൃശ്യഭാഷയൊരുക്കിയപ്പോൾ ഇതേ പേരിലിറങ്ങിയ ബ്രോഡ്‌വേ മ്യൂസിക്കൽ കൂടി അതേ ചരിത്രത്തിന്റെ നിഴലിൽ നമ്മൾ വീണ്ടും ഓർമിച്ചു. ഓസ്ട്രിയയിലെ സാൽസ്‌ബർഗിലും പശ്ചിമ ജർമനിയിലെ ബവാറയിലും കലിഫോർണിയയിലെ ട്വന്റീത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിൽ മുപ്പതോളം പാട്ടുകളിലൂടെയാണ് റോബർട്ട് വൈസ് കഥ പാടുന്നത്.

ഓസ്കർ ഹാമെസ്റ്റീൻ വരികളെഴുതി, റിച്ചാർഡ് റോജേഴ്സിന്റെ ഈണത്തിൽ നാം താളംപിടിച്ചുകേട്ട ദി ഹിൽസ് ആർ എലൈവ്, ഡോ..റെ..മീ, സിക്സ്റ്റീൻ ഗോയിങ് ഓൺ സെവന്റീൻ, മൈ ഫേവറൈറ്റ് തിങ്സ്...ആരാധകർക്ക് ഈ ചിത്രമോർമിക്കാൻ മധുരമൂറുന്ന കാരണങ്ങൾ ഒട്ടേറെ.

ട്രാപ്പ് കുടുംബത്തിലെ ഏറ്റവുമൊടുവിലത്തെ ഗായികയും പാട്ടൊഴിഞ്ഞു യാത്രയായത് കഴി‍ഞ്ഞ വർഷമാണ്. ജോർജ് വോൺ ട്രാപ്പിന്റെ ഏഴു മക്കളിൽ മൂന്നാമത്തവൾ മരിയ ഫ്രാൻസിസ്ക വോൺ ട്രാപ്പ് 2014 ഫെബ്രുവരിയിൽ നിത്യമൗനത്തിന്റെ മരണമെത്തയിലേക്കു ചുണ്ടുപൂട്ടിയതോടെ അനാഥമാകുന്നത് ട്രാപ്പ് കുടുംബത്തിന്റെ പാട്ടുപെട്ടിയിൽ പിറന്ന ഒരു നൂറ്റാണ്ടിന്റെ പ്രിയ രാഗങ്ങളാണ്. ഒടുവിലത്തെ ഗായികയും ഓർമയാകുമ്പോൾ ഒരു വിതുമ്പലോടെ ആരാധകർക്ക് സമ്മാനിക്കാൻ വേണ്ടിയായിരിക്കാം റോബർട്ട് വൈസ് സൗണ്ട് ഓഫ് മ്യൂസിക്കിനെ കാലത്തിന്റെ കൈകളിൽ കടപ്പെടുത്തിയത്.