രണ്ട് ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ...

ഹൃദയങ്ങളുടെ കണ്ടുമുട്ടലുകളും കൂടിച്വേരലുകളും എല്ലായ്പ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. അത്രയ്ക്ക് രഹസ്യവും നിശബ്ദവും ആയിരിക്കും ഈ കണ്ടുമുട്ടലുകളെല്ലാം. 'ദോ ദിൽ മിൽ രഹേ ഹേ' എന്ന കുമാർ സാനു ഗാനം ഈ ഗുപ്താനുരാഗത്തിന്റെ ഭംഗി വർണിക്കുന്നു. ഷാരൂഖ് ഖാനെ നായകനാക്കി സുഭാഷ് ഗായ് സംവിധാനം ചെയ്ത 'പർദേശ്' എന്ന ചിത്രത്തിലാണ് ഈ ഗാനമുള്ളത്.

പശ്ചാത്തലത്തിലും ദൃശ്യാവിഷ്കാരത്തിലും അനാവശ്യമായി ഒന്നും കുത്തിനിറയ്ക്കാതെ വളരെ പതുക്കെ ഈ പാട്ട് കടന്നുപോകും.

ഗാനരംഗത്ത് ഷാരൂഖ് ഖാന്റെ വേറിട്ട പ്രകടനവും ശ്രദ്ധേയമാണ്. ഗായകന്റെ ശബ്ദത്തിന് പ്രാധാന്യം നൽകുന്ന ബഹളങ്ങളില്ലാത്ത പശ്ചാത്തല സംഗീതം. ഒരു കവിത ട്യൂൺ ചെയ്ത് പാടും പോലെ. '1942 എ ലൗവ് സ്റ്റോറിയി'ലെ 'ഏക് ലഡ്കി കോ ദേഖാ തോ' എന്ന പാട്ടിന് സമാനമായ മൂഡാണ് ഈ ഗാനത്തിനുമുള്ളത്. കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ സുഖമുള്ള ഒരനുഭവം.

ഹൃദയങ്ങൾ തമ്മിൽ വാചാലമാകുന്നത് മൗനത്തിലൂടെയാണ്. എല്ലാവരിലും സംഭവിച്വിട്ടും ഈ കൊടുക്കൽ വാങ്ങലുകൾ ആർക്കും കേൾക്കാൻ സാധിക്കാത്തത്ര നിശബ്ദമാണ് എന്നതാണ് രസം. പെട്ടെന്നൊരു ദിവസം എല്ലാവരും അറിയുന്നു അവർ തമ്മിൽ അല്ലെങ്കിൽ ഇവർ തമ്മിൽ പ്രണയമാണെന്ന്. മനസ്സുകളുടെ ഇന്ദ്രജാലമല്ലാതെ എന്താണിത്?

തീയ്ക്ക് മുമ്പുയരുന്ന പുക പോലെ പ്രണയികൾ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങും. പക്ഷേ, ഒക്കെയും നിശബ്ദമായിട്ടായിരിക്കും എന്നുമാത്രം. പ്രണയിക്കുന്നവർക്ക് പരസ്പരമല്ലാതെ ചുറ്റുപാടുമുള്ളതൊന്നും കാണാൻ പറ്റില്ല. (തട്ടത്തിൻ മറയത്തിലെ ഡയലോഗ് ഇത്തരത്തിൽ ഓർമിക്കാവുന്നതാണ്.) അവരുടെ വിചാരം പകലൊക്കെ രാത്രിയാണെന്നാണ്. അങ്ങനെ പരസ്പരം നോക്കിയിരിക്കുമ്പോഴാണ് കുമാർ സാനുവിന്റെ ശബ്ദത്തിൽ ഷാരൂഖ് ഖാൻ അവരെ കളിയാക്കുന്നത്. രാത്രിയല്ല മക്കളേ ഇത് പട്ടാപ്പകലാണ്. എല്ലാം എല്ലാവർക്കും കാണാമെന്ന്. ബോളിവുഡിലെ ഒരു കാലത്തെ ഏറ്റവും മികച്വ സംഗീതസംവിധായകരായിരുന്ന നദീം-ശ്രാവൺ ജോഡിയാണ് പർദേശിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. ആനന്ദ് ബക്ഷിയുടേതായിരുന്നു വരികൾ. എല്ലാ പാട്ടും സൂപ്പർ ഹിറ്റായി എന്നത് ചരിത്രം.

വിദേശത്ത് ജനിച്വുവളർന്ന കൂട്ടുകാരന് നാട്ടുമ്പുറത്തുകാരിയായ ഒരു നല്ല പെൺകുട്ടിയിൽ അനുരാഗം സൃഷ്ടിക്കാനുള്ള ഷാരൂഖ് കഥാപാത്രത്തിന്റെ ശ്രമങ്ങൾക്കിടയിലാണ് ഈ പാട്ട്. പാട്ട് കഴിയുമ്പോഴേക്കും ചെക്കന് നൂറുവട്ടം സമ്മതം. അല്ലാതെ തരമില്ലല്ലോ. പ്രണയത്തെ ശാന്തമായി അവതരിപ്പിക്കുന്നതിലും വർണിക്കുന്നതിലുമുള്ള ഈ പാട്ടിന്റെ കഴിവ് ശ്രദ്ധേയമാണ്. മാത്രമല്ല, പ്രണയികൾക്ക് വേണ്ടി മൂന്നാമതൊരാളാണ് പാടുന്നതെന്ന പ്രത്യേകതയുമുണ്ട്.