സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...

ദേവാസുരമെന്ന ചിത്രത്തിലെ ഈ ഗാനം ഓരോ മലയാളിക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രണയവും വിരഹവുമെല്ലാം പാട്ടുകളിൽ നിറഞ്ഞിരുന്ന കാലത്ത് വേദനയിൽ ചാലിച്ച ഈ പാട്ട് വേറിട്ടു നിന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾക്ക് ഈണം പകർന്നത് എം. ജി രാധാകൃഷ്ണനാണ്.

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2)

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

മംഗലശ്ശേരി നീലകണ്ഠൻ എന്ന കിരീടം വയ്ക്കാത്ത രാജാവിന്റെ പതനം വിളിച്ചറിയിക്കുന്ന വരികളാണിത്. പ്രതാപിയായ അച്ഛന്റെ പേരിൽ താണ്ഢവമാടിയ മകനേറ്റ ആഘാതമായിരുന്നു മരണക്കിടക്കയിൽ അമ്മ പറഞ്ഞ പൊള്ളുന്ന സത്യങ്ങൾ. ഉഗ്രപ്രതാപിയും തറവാടിയുമായ ആ അച്ഛന്റെ മകനല്ല താനെന്ന സത്യം കുറച്ചൊന്നുമല്ല നീലകണ്ഢനെ പൊളളിച്ചത്. ഇത്ര കാലം ഊറ്റം കൊണ്ടിരുന്ന പ്രതാപം ആരോ വച്ചു നീട്ടിയ ദാനമാണെന്ന സത്യം നീലകണ്ഢനെ തകർത്തു. ചവിട്ടി നിന്ന മണ്ണൊലിച്ചു പോയതുപോലെ നീലകണ്ഢന്റെ പാദങ്ങൾ ആദ്യമായി ഇടറി. അമ്മയുടെ അകാല വിയോഗത്തിൻറെയും നീറുന്ന സത്യത്തിന്റെയും തീച്ചൂളയിൽ അവൻ വെന്തുരുകി.

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)

നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കായിരുന്നു എപ്പോഴും നീലന്റെ യാത്ര. അതിനു തടയിടാൻ ആരും ശ്രമിച്ചതുമില്ല. ജൻമം നൽകിയ അമ്മയുടെ നാവിൽ നിന്നറിഞ്ഞ അപ്രിയ സത്യത്തെ അതിജീവിക്കാനാകാതെ നീലൻ പതറുന്നു. സ്വന്തം പൈതൃകം പോലും ദാനം കിട്ടിയതാണെന്നുള്ള തിരിച്ചറിവ്, ഇത്ര കാലം നെഞ്ചോടു ചേർത്തിരുന്നതൊന്നും തന്റേതല്ലെന്ന പരമമായ സത്യം... സ്വന്തമെന്നു വിശ്വസിച്ചു താനഹങ്കരിച്ചതെല്ലാം തനിക്കന്യമാണെന്ന ആ തിരിച്ചറിവ് നീലകണ്ഢനെ വല്ലാതുലച്ചു. അത്ര നാളും തന്നെ നയിച്ച മദ്യവും എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന സുഹൃത്തുക്കളും തന്റെ ചെയ്തികളുമെല്ലാം അയാൾ മറക്കാൻ ശ്രമിക്കുകയാണ്. അമ്മയുടെ ഓർമയും നാമജപം നിറഞ്ഞിരുന്ന സന്ധ്യയുമെല്ലാം ഇപ്പോൾ ക്ലാവു പിടിച്ച ഓർമകൾ മാത്രമായിരിക്കുന്നു

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..

ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

ഇത്ര നാളും ചെയ്ത പാപങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുകയാണു മനസ്. ചെയ്തു കൂട്ടിയ കൊടും പാപങ്ങളിൽ നിന്നു മോക്ഷം ലഭിക്കുവാൻ ഇനിയൊരു ജൻമം കൂടി നൽകണേയെന്ന് അമ്മയോടപേക്ഷിക്കുകയാണ് നീലന്റെ ഉരുകുന്ന മനസ്. ഇത്ര കാലവും സൂര്യനെ പോലെ ജ്വലിച്ചു നിന്നിരുന്ന ആൾ താനൊന്നുമല്ലെന്ന തിരിച്ചറിവിൽ വീണുടയുകയാണ്. പടുതിരി പ്രാണനിൽ ആളിപ്പടരുമ്പോൾ ചില ഓർമകളിൽ ഉഴലുകയാണ് നീലകണ്ഢന്‍റെ നീറുന്ന മനസ്....