വീട് വയ്ക്കാൻ വയൽ നികത്തൽ: ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം∙ പഞ്ചായത്തിൽ പത്തും കോർപറേഷൻ, മുനിസിപ്പാലിറ്റി മേഖലകളിൽ അഞ്ചും സെന്റു ഭൂമിയിൽ വയൽ നികത്തി വീടുവയ്ക്കാൻ അനുമതി നിലവിലുണ്ടെന്നു വിശദീകരിച്ചു സർക്കാർ ഉത്തരവിറങ്ങി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതു മൂലമുണ്ടായ ആശയക്കുഴപ്പം ദൂരീകരിക്കാനാണ് ഉത്തരവിറക്കിയത്.

രേഖകളിൽ നിലമെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അഞ്ചും പത്തും സെന്റു ഭൂമിയിൽ വീടുവയ്ക്കുന്നതിനു തടസ്സമില്ല. മറ്റെവിടെയും ഭൂമി സ്വന്തമായി ഇല്ലാത്തവർക്കേ അനുമതി ലഭിക്കൂ. കലക്ടർമാർ‌ക്കും ആർഡിഒമാർക്കുമാണ് ഇതിനുള്ള അധികാരം. വില്ലേജ് ഓഫിസറും കൃഷി ഓഫിസറും പരിശോധിച്ച ശേഷമാണു കലക്ടർമാർ അനുമതി നൽകുക.

ഭൂമി ഡേറ്റാ ബാങ്കിൽ നെൽവയലെന്നോ തണ്ണീർത്തടമെന്നോ രേഖപ്പെടുത്തിയ ഭൂമിയെ അങ്ങനെതന്നെ കണക്കാക്കും. എന്നാൽ, ഡേറ്റാ ബാങ്കിൽ ഒട്ടേറെ അപാകതകൾ കടന്നു കൂടിയിട്ടുള്ളതിനാൽ ഇതിനെ ആശ്രയിച്ചു തീരുമാനമെടുക്കുന്നത് ഒട്ടേറെ പേരെ ബാധിക്കും.