വനിതാരത്നം പുരസ്കാരങ്ങൾ ഏഴു പേർക്ക്

വനിതാരത്നം അവാർഡ് ജേതാക്കൾ: കെ.ആർ.മീര, കലാമണ്ഡലം ക്ഷേമാവതി, ഷീബ അമീർ, ലീല മേനോൻ, ഡോ. ഷേർളി വാസു, ഡോ. സൈറു ഫിലിപ്പ്, എം. പത്മിനി.

തിരുവനന്തപുരം∙ വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള സംസ്ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്കാരങ്ങൾ (മൂന്നു ലക്ഷം രൂപ വീതം) ഏഴു പേർക്ക്. കെ.ആർ.മീര (സാഹിത്യം, കമലാ സുരയ്യ അവാർഡ്), ഷീബ അമീർ (സാമൂഹികസേവനം, അക്കാമ്മ ചെറിയാൻ അവാർഡ്), കലാമണ്ഡലം ക്ഷേമാവതി (കല, മൃണാളിനി സാരാഭായ് അവാർഡ്), ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം, മേരി പുന്നൻ ലൂക്കോസ് അവാർഡ്), ഡോ. ഷേർളി വാസു (ശാസ്ത്രം, ജസ്റ്റിസ് ഫാത്തിമാബീവി അവാർഡ്), ലീലാ മേനോൻ (മാധ്യമം, ആനി തയ്യിൽ അവാർഡ്), എം.പത്മിനി (വിദ്യാഭ്യാസം, ക്യാപ്റ്റൻ ലക്ഷ്മി അവാർഡ്) എന്നിവർക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലെ മികവാണു കെ.ആർ.മീരയെ അവാർഡിന് അർഹയാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സുഹൃത്തുക്കളുമായി ചേർന്നു ‘സൊലെസ്’ എന്ന ചാരിറ്റബിൾ ട്രസ്റ്റിനു ഷീബ അമീർ രൂപം നൽകിയിരുന്നു. മോഹിനിയാട്ടം നർത്തകിയായ കലാമണ്ഡലം ക്ഷേമാവതി ചിട്ടപ്പെടുത്തിയ നൃത്തഇനങ്ങൾ ഏറെ ശ്രദ്ധ നേടി. സംസ്ഥാനത്തെ മികച്ച ഫൊറൻസിക് സർജൻമാരിൽ ഒരാളായ ഡോ. ഷേർളി വാസു കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കി.

ഡോ. സൈറു ഫിലിപ്പ് ആലപ്പുഴയിൽ മന്തുരോഗ നിർമാർജനത്തിനു പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. മാധ്യമ രംഗത്തെ മികവു ലീലാ മേനോനെയും അധ്യാപന രംഗത്തെ മികവ് പത്മിനിയെയും അവാർഡിന് അർഹരാക്കി. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കൾക്കു സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിൽ ഗവ. എൽപിഎസിലെ പ്രധാന അധ്യാപികയായ പത്മിനി നിർണായക പങ്കു വഹിച്ചു. ഐസിഡിഎസ് പദ്ധതി പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച മുൻ പത്തനംതിട്ട കലക്ടർ എസ്.ഹരികിഷോറിനെ ചടങ്ങിൽ ആദരിച്ചു.