ഇസ്രയേലിൽ അവതരിപ്പിച്ച നാലു സ്റ്റാർട്ടപ്പുകളിൽ മലയാളി സംരംഭവും

ലിയോ മാവേലി സെബാസ്റ്റ്യൻ

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇസ്രയേലിലേക്കു ക്ഷണം ലഭിച്ച നാലു സ്റ്റാർട്ടപ്പുകളിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുടെ സംരംഭവും. ഇരിങ്ങാലക്കുട സ്വദേശിയും ബയോ എൻജിനീയറിങ് വിദ്ഗധനുമായ ലിയോ മാവേലി സെബാസ്റ്റ്യൻ രൂപകൽപന ചെയ്ത ആക്സിയോസ്റ്റാറ്റ് എന്ന മെഡിക്കൽ ഉൽപന്നമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻപിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.

മോദിയുടെ വിദേശയാത്രയ്ക്കു മുന്നോടിയായി നീതി ആയോഗ് ആണ് നാല് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാങ്കേതികബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളിലെ നാലുവീതം സംരംഭങ്ങളാണു തിരഞ്ഞെടുത്തത്. ചടങ്ങിന്റെ ഭാഗമായി ഈ കമ്പനികളുടെ സിഇഒമാരുടെ യോഗവും നടന്നു.

ഇസ്രയേൽ പ്രതിരോധ വകുപ്പുമായി സഹകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു ലിയോ. സ്പോഞ്ചുപോലെ പ്രവർത്തിക്കുന്ന ആക്സിയോസ്റ്റാറ്റ് ബാൻഡ് മുറിവുള്ള ഭാഗത്തുവച്ച് അമർത്തിയാൽ മിനിറ്റുകൾക്കുള്ളിൽ രക്തവുമായി പ്രതിപ്രവർത്തിച്ച് ഒഴുക്കു തടയും. ആശുപത്രിയിലെത്താൻ വൈകിയാലും സാരമില്ല.

ഇന്ത്യൻ ആർമി, സിആർപിഎഫ്, ബിഎസ്എഫ്, എൻഎസ്ജി എന്നിവയുടെ സുപ്രധാനമായ മിഷനുകളിലെല്ലാം ആക്സിയോസ്റ്റാറ്റ് ഉപയോഗിക്കുന്നുണ്ട്. റഷ്യ–യുക്രെയ്ൻ ഏറ്റുമുട്ടൽ നടന്നപ്പോൾ 8,000 സൈനികർക്കു ധൈര്യം പകർന്നതും ലിയോയുടെ ഉൽപന്നമായിരുന്നു. ലോകത്തിലെ ശ്രദ്ധേയരായ ചെറുപ്പക്കാരുടെ പട്ടികയായ ഫോർച്യൂൺ മാഗസിന്റെ 30 അണ്ടർ 30 പട്ടികയിലും ലിയോ ഇടംനേടി.

ആക്സിയോ സെയിൽസ് മാനേജർ പാലക്കാട് സ്വദേശി മോഹൻരാജ് ഗണേശനാണു സ്റ്റാർട്ടപ്പിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. വിവിധ സേനാവിഭാഗങ്ങളുടെ അംഗീകാരം ലഭിച്ചശേഷം ഛത്തീസ്ഗഡിൽ ബിഎസ്എഫ് നടത്തിയ മാവോയിസ്റ്റ് വേട്ടയിലാണ് ആക്സിയോസ്റ്റാറ്റ് ആദ്യം ഉപയോഗിച്ചത്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് ആക്സിയോയുടെ പ്രവർത്തനം.

ഇന്ത്യയിലെ പ്രവർത്തന മികവിനെത്തുടർന്നാണു റഷ്യ–യുക്രെയ്ൻ ഏറ്റുമുട്ടലിലും ആക്സിയോസ്റ്റാറ്റ് എത്തിയത്. റിട്ട. ബാങ്ക് മാനേജറായ സെബാസ്റ്റ്യൻ മാവേലിയുടെയും ലൂസി മാവേലിയുടെയും മകനാണ് ലിയോ. ഭാര്യ പ്രിയ പ്രൊഡക്ട് ഡിസൈനറായി ഒപ്പമുണ്ട്.