‘ഐടി@സ്കൂൾ’ ഇനി കൈറ്റ്

തിരുവനന്തപുരം∙ ഐടി@സ്കൂൾ പ്രോജക്ട് ഇനി സർക്കാർ കമ്പനി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സർക്കാർ കമ്പനിയുടെ രൂപവൽക്കരണം പൂർത്തിയായി. കമ്പനിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പിലെ ഐടി പ്രവർത്തനങ്ങൾക്കു പുറമെ അടിസ്ഥാന വികസന പ്രവർത്തനങ്ങളും ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവർത്തനമേഖല ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കും. ഹൈസ്കൂൾ ക്ലാസുകളിൽ ഐടി പ്രവർത്തനങ്ങൾ നടത്താൻ 2001-ൽ ആണ് ഐടി@സ്കൂൾ പ്രോജക്ട് രൂപീകരിച്ചത്. സർക്കാർ കമ്പനിയാകുന്നതോടെ വലിയ പദ്ധതികൾക്കു നേതൃത്വം നൽകാൻ കൈറ്റിനു കഴിയും.

വിദ്യാഭ്യാസ വകുപ്പിന്റെ 4775 സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്ന 493.5 കോടിയുടെ പദ്ധതിക്കു കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസാണ് കൈറ്റിന്റെ സിഎംഡി. ഐടി@സ്കൂൾ ഡയറക്ടർ കെ.അൻവർ സാദത്ത് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൂർണമായി സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഐടി മുന്നേറ്റത്തിന് അവസരമൊരുക്കാനും വിക്ടേഴ്സ് ചാനൽ വിപുലപ്പെടുത്താനും പുതിയ സംവിധാനം ഉപകരിക്കുമെന്നു കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് പറഞ്ഞു.