പ്രവാസികൾക്ക് ആധാർ നിർബന്ധമല്ലെന്ന് യുഐഡി കേരള

തിരുവനന്തപുരം∙ പ്രവാസികൾക്ക് ആധാർ നിർബന്ധമല്ലെന്നു യുഐഡി കേരള അധികൃതർ വ്യക്തമാക്കി. സർക്കാർ രേഖകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ആധാറെടുക്കുന്നതിനു മുൻപുള്ള 365 ദിവസത്തിനിടെ 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്നാണ് ആധാർ ആക്ടിലെ വ്യവസ്ഥ. 182 ദിവസമെന്നാൽ ആറു മാസമെങ്കിലും അവധിക്കു വരുന്നവരായിരിക്കണം.

പ്രവാസികളിൽ വലിയപങ്കും രണ്ടോ മൂന്നോ മാസത്തേക്കു മാത്രം നാട്ടിൽ വരുന്നവരാണ്. മൊബൈൽ കമ്പനികൾ, സബ്സിഡി, ബാങ്ക് അക്കൗണ്ട്, പാൻ തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കണമെന്ന ചട്ടം പ്രവാസികൾക്കു ബാധകമായിരിക്കില്ല. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.

വിലാസത്തിലും പേരിലും മാറ്റമുള്ളവർ ആധാർ എടുക്കുമ്പോൾ ഗസറ്റഡ് ഓഫിസറുടെ ലെറ്റർ പാഡിൽ തന്നെ സാക്ഷ്യപത്രം നൽകണമെന്ന പുതിയ നിബന്ധന കേരളത്തിൽ പ്രായോഗികമല്ലെന്നു യുഐഡി കേരള കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷത്തിനും സ്വന്തം ലെറ്റർ പാഡ് ഇല്ല. താൽക്കാലികമായി ഡിടിപി ചെയ്ത സാക്ഷ്യപത്രം മതിയാകുമോ എന്ന കാര്യത്തിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.