അതിശയങ്ങളുടെ വേനൽ യുകെ ഫിലിം ഫെസ്റ്റിവലിലേക്ക്

തിരുവനന്തപുരം∙ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'അതിശയങ്ങളുടെ വേനൽ' യുകെ, ഏഷ്യൻ ചലച്ചിത്രോത്സവത്തിലേക്ക്. മാർച്ച് 17നു ലണ്ടനിലെ പ്രശസ്തമായ റീജന്റ് സ്ട്രീറ്റ് സിനിമയിലാണു ചിത്രത്തിന്റെ പ്രദർശനം. ബ്രിട്ടിഷ് സിനിമയുടെ ജൻമസ്ഥലം എന്നറിയപ്പെടുന്ന ഈ തിയറ്ററിലാണു യുകെയിലെ ആദ്യ ചലച്ചിത്രപ്രദർശനം നടന്നത്. മുംബൈ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയ ഈ ചിത്രത്തിന്റെ ആദ്യ രാജ്യാന്തര പ്രദർശനമാണിത്.

അദൃശ്യനാകാനുള്ള ഒൻപതുവയസ്സുകാരന്റെ അതിയായ ആഗ്രഹവും അതു നേടാനുള്ള അവന്റെ യത്നങ്ങളോടു ചുറ്റുമുള്ളവരുടെ പ്രതികരണവുമാണു ചിത്രത്തിന്റെ പ്രമേയം. പുതുമുഖ ബാലതാരം ചന്ദ്രകിരൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം ആര്യ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ചന്ദ്രകിരണിന്റെ പ്രകടനം പ്രേക്ഷകപ്രശംസ നേടിയിരുന്നു. റെയ്ന മരിയ, ആര്യ മണികണ്ഠൻ, ജീത് മിനിഫെൻസ് എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.