ലോകകേരളസഭ: തീരുമാനങ്ങൾ നടപ്പാക്കാൻ സെക്രട്ടേറിയറ്റ്

തിരുവനന്തപുരം∙ ലോകകേരളസഭയുടെയും അവയുടെ സ്റ്റാൻഡിങ് കമ്മിറ്റികളുടെയും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ, നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ്, നോർക്ക റൂട്സ് വൈസ് ചെയർമാൻമാരായ കെ.വരദരാജൻ, എം.എ.യൂസഫലി, സി.കെ.മേനോൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോർഡ് അംഗം കെ.എൻ.ഹരിലാൽ, നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്‌ണൻ നമ്പൂതിരി, പ്രവാസി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എം.രാധാകൃഷ്‌ണൻ എന്നിവർ അംഗങ്ങളാണ്. ലോകകേരളസഭയുടെയും ബന്ധപ്പെട്ട കലോത്സവങ്ങളുടെയും സംഘാടനം, പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തൽ തുടങ്ങിയവയാണു ചുമതലകൾ. ജനുവരിയിൽ നടന്ന സഭയുടെ ആദ്യ സമ്മേളനത്തിലെ തീരുമാനപ്രകാരമാണു നടപടി.