റേഷൻ കാർഡ്: ജനപ്രതിനിധിയുടെ കത്തില്ലെങ്കിൽ ആധാർ നിർബന്ധം

തിരുവനന്തപുരം∙ റേഷൻ കാർഡിന് അപേക്ഷിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ആധാർ കാർഡുകൾ ഹാജരാക്കിയാൽ ജനപ്രതിനിധിയുടെ കത്ത് ഹാജരാക്കേണ്ടതില്ലെന്നു സിവിൽ സപ്ലൈസ് കമ്മിഷണർ. അപേക്ഷയ്ക്കൊപ്പം ആധാർ കാർഡ് ഹാജരാക്കുന്നവരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തുകയുള്ളൂ. ജനപ്രതിനിധിയുടെ കത്ത് ഹാജരാക്കുന്നവർക്ക് ആധാർ കാർഡ് നിർബന്ധമല്ല. അപേക്ഷകനു റേഷൻ കാർഡ് ഇല്ലെന്നോ ഏതെങ്കിലും കാർഡിൽ ഉൾപ്പെട്ടിട്ടില്ലെന്നോ ആണു ജനപ്രതിനിധി കത്ത് നൽകേണ്ടത്.

തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന താമസ സർട്ടിഫിക്കറ്റ്/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയ്ക്കും ഇളവുവരുത്തി. പകരമായി ഇലക്ട്രിസിറ്റി, ജല അതോറ്റി, ലാൻഡ് ഫോൺ, പാചകവാതക കണക്‌ഷൻ എന്നിവയുടെ ബിൽ, കെട്ടിടനികുതി രസീത്, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്, തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, വാടകക്കരാർ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പു സ്വയം സാക്ഷ്യപ്പെടുത്തി നൽകാം.

ഗസറ്റഡ് ഓഫിസറാണെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന മതി. മറ്റു ജീവനക്കാർക്കു സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റ് വേണം. മുൻഗണനാപട്ടികയിൽ ഉൾപ്പെടാത്തവർക്കു വരുമാനം സ്വയം രേഖപ്പെടുത്താം. വരുമാന സർ‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല.