മുൻഗണനേതര വിഭാഗത്തിന് 3 മാസം അഞ്ചു കി.ഗ്രാം അരി വീതം

തിരുവനന്തപുരം∙ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ മുൻഗണനേതര വിഭാഗത്തിന് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ അഞ്ചു കിലോഗ്രാം അരി വീതം നൽകുമെന്നു ഭക്ഷ്യവകുപ്പ് അറിയിച്ചു. 10 കിലോഗ്രാം അരി വിതരണം ചെയ്യാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. 

പ്രളയബാധിത പ്രദേശങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികൾ, പട്ടിക വിഭാഗങ്ങൾ, അഗതികൾ, സ്ത്രീകേന്ദ്രീകൃത കുടുംബങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യാനും ഉത്തരവായി. ഇതിന്റെ പട്ടിക നൽകാൻ കലക്ടർമാരോടു നിർദേശിച്ചു. 

കിറ്റുകൾ വിതരണം ചെയ്യാൻ മൂന്നാഴ്ച മുൻപു മന്ത്രിസഭ തീരുമാനിച്ചിട്ടും ഉത്തരവ് ഇറങ്ങാത്തതിനെക്കുറിച്ച് ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.