444 രൂപയ്ക്കു ദിവസം 4 ജിബി: ഓഫറുമായി ബിഎസ്എൻഎൽ

കൊല്ലം ∙ ഒരു ദിവസം നാലു ജിബി ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. 444 രൂപയ്ക്കു ദിവസം നാലു ജിബി നൽകുന്ന ഓഫർ ഇന്നു മുതൽ നിലവിൽ വരുമെന്നു ബിഎസ്എൻഎൽ അറിയിച്ചു. 90 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഓഫറിനായി കേരളത്തിലെ നിലവിലുള്ള 444 രൂപയുടെ ഓഫർ പുനഃക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം നിലവിലുള്ള ഓഫറുകളിൽ ചെറിയ മാറ്റവും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിൾ ഏയ്സ് 333 ഓഫറിന്റെ കാലാവധി 90 ദിവസത്തിൽ നിന്ന് 60 ആക്കി. 159 രൂപയ്ക്കു 20,300 സെക്കൻഡ് ഏതു നെറ്റ്‌വർക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്ന വോയ്സ് പ്ലാനിന്റെ കാലാവധി 30 ദിവസത്തിൽ നിന്ന് 28 ആക്കിയും കുറച്ചിട്ടുണ്ട്.

179 രൂപയ്ക്കു 23,800 സെക്കൻഡ് ഏതു നെറ്റ്‌വർക്കിലേക്കും 30 ദിവസം സൗജന്യ കോൾ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചു.