കേരളത്തിനു സൂപ്പർ സ്പെഷൽറ്റി മെഡിക്കൽ കോളജ് കിട്ടിയേക്കും

കൊച്ചി ∙ ‘എയിംസ്’ കിട്ടാക്കനിയായെങ്കിലും കേരളത്തിനു ദേശീയ നിലവാരത്തിലുള്ള സൂപ്പർ സ്പെഷൽറ്റി മെഡിക്കൽ ഹബോ മെഡിക്കൽ കോളജോ ലഭിക്കാൻ സാധ്യത. രാജ്യത്തെ 12 മേജർ തുറമുഖങ്ങൾക്കു കീഴിലുള്ള ആശുപത്രികൾ ഉന്നത ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കമാണു പ്രതീക്ഷയേകുന്നത്. സംസ്ഥാനത്തെ ഏക മേജർ തുറമുഖമായ കൊച്ചിയിലെ പോർട് ഹോസ്പിറ്റലും പദ്ധതിയിൽ ഉൾപ്പെടും. കൊച്ചിയിൽ വൃക്കരോഗ ചികിൽസാ കേന്ദ്രത്തിനാണു ശുപാർശ. 

പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖ ആശുപത്രികളെ മെഡിക്കൽ ഹബുകളാക്കാനാണു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ആലോചിക്കുന്നത്. പോർട് ആശുപത്രികളുടെ നവീകരണത്തിനായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അംഗം വേദ് പ്രകാശ് മിശ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ മന്ത്രാലയം നിയോഗിച്ചിരുന്നു.

കമ്മിറ്റി നൽകിയ റിപ്പോർട്ടിലാണു മെഡിക്കൽ കോളജുകൾക്കും ഹബുകൾക്കുമുള്ള ശുപാർശ. സ്ഥാപനങ്ങളുടെ ശേഷിയനുസരിച്ചാകും മെഡിക്കൽ സീറ്റുകൾ അനുവദിക്കുക. ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനു കേന്ദ്ര സർക്കാർ നിശ്ചിത സാമ്പത്തിക വിഹിതം നൽകും. സ്വകാര്യ പങ്കാളികളാണു ശേഷിച്ച തുക ചെലവിടേണ്ടത്. കോർപറേറ്റുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കുമൊക്കെ പങ്കാളിത്തത്തിന് അർഹതയുണ്ടാകും. 

തുറമുഖ സമ്പത്തു ക്രിയാത്മകമായി ഉപയോഗിച്ചു വരുമാനം വർധിപ്പിക്കുകയാണു പ്രാഥമിക ലക്ഷ്യം. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സമൂഹത്തിനു കൂടുതൽ സേവനം ലഭ്യമാക്കാനുമാകും. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം വൻതുക ചെലവിടാതെ തന്നെ രാജ്യമൊട്ടുക്ക് ഉന്നത ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്നതാണു പദ്ധതിയുടെ സാധ്യത വർധിപ്പിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ മുംൈബ, കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത, പാരദ്വീപ് തുറമുഖ ആശുപത്രികൾക്കു പരിഗണന നൽകുമെന്നാണു സൂചനകൾ. ചെന്നൈ തുറമുഖ ആശുപത്രി ഹൃദ്രോഗ ചികിൽസാ കേന്ദ്രമായും കൊൽക്കത്ത ന്യൂറോളജി - ന്യൂറോ സർജറി ഹബുമായി മാറ്റാനാണു ശുപാർശ. ഗ്യാസ്ട്രോ എന്ററോളജി, സർജിക്കൽ ഗാസ്ട്രോ എന്ററോളജി ഹബാണു വിശാഖപട്ടണത്തു വിഭാവനം ചെയ്യുന്നത്.

കൊച്ചി തുറമുഖത്ത് ചികിൽസ ‘അടുക്കും’

110 കിടക്കകളുള്ള മൾട്ടി സ്പെഷൽറ്റി ആശുപത്രിയും നഴ്സിങ് കോളജുമാണു കൊച്ചി തുറമുഖത്തുള്ളത്. മൂന്നു മേജർ ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ. തുറമുഖ ജീവനക്കാർ, വിരമിച്ചവർ, സുരക്ഷാ ഉദ്യോഗസ്ഥർ, വില്ലിങ്ഡൻ ഐലൻഡിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർ തുടങ്ങിയവർക്കാണ് ആശുപത്രിയുടെ സേവനം ലഭിക്കുന്നത്. മെഡിക്കൽ ഹബോ മെഡിക്കൽ കോളജോ ആകുമ്പോൾ പൊതുവിഭാഗത്തിനും സേവനം ലഭ്യമാകും.