ഹിന്ദിയും തമിഴും പറയാൻ ആമസോൺ എക്കോ

ആമസോണിന്റെ ഹോം അസിസ്റ്റന്റ് സ്മാർട് സ്പീക്കറായ എക്കോ ഇന്ത്യയിലേക്ക്. അലക്സ വോയ്സ് അസിസ്റ്റന്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന എക്കോ സ്പീക്കർ വീട്ടിനുള്ളിൽ നമ്മുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുകയും തനിക്കുള്ള നിർദേശങ്ങൾ അനുസരിച്ചു വിവിധ പ്രവൃത്തികൾ ചെയ്യുകയും ചെയ്യും.

എക്കോ സ്പീക്കറുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ഫോൺ ഉൾപ്പെടെയുള്ള മറ്റുപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു നടത്തുന്നതു മുതൽ വീട്ടിനുള്ളിൽ ഒരു അത്യാഹിതമുണ്ടായാൽ പൊലീസിനെ വിളിക്കാൻ വരെ സാധിക്കുന്ന ഉപകരണമാണ് എക്കോ. 

ആദ്യഘട്ടത്തിൽ ഹിന്ദി, മറാത്തി, തമിഴ് ഭാഷകൾ കേൾക്കാനും ഈ മറുപടി പറയാനും സാധിക്കുന്ന എക്കോയിൽ മറ്റ് ഇന്ത്യൻ ഭാഷകൾ വൈകാതെ ചേർക്കും. എക്കോയുടെ ടച്ച് സ്ക്രീൻ ഡിസ്പ്ലേയുള്ള മോഡൽ യുഎസിൽ വിപണിയിലിറക്കിയിട്ടുണ്ടെങ്കിലും ശബ്ദസംവിധാനം മാത്രമുള്ള ആദ്യപതിപ്പായിരിക്കും ഇന്ത്യയിലെത്തുക.

എക്കോ സ്പീക്കർ വഴി അലക്സ വോയ്സ് സർവീസ് ഇന്ത്യയിലേക്കു വരുമ്പോൾ അലക്സ വോയ്സ് അസിസ്റ്റന്റ് പിന്തുണയ്ക്കുന്ന എച്ച്ടിസി യു11 സ്മാർട് ഫോൺ ഉപയോക്താക്കൾക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.