എറണാകുളം, ഇടുക്കി: ഒട്ടേറെ പദ്ധതികളുമായി ബിഎസ്എൻഎൽ‌

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബിഎസ്എൻഎൽ എറണാകുളം ടെലികോം മേഖല 105 കോടി രൂപയുടെ വരുമാനം നേടി. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലെ 138 എക്സ്ചേഞ്ചുകൾ നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക് (എൻജിഎൻ) സംവിധാനത്തിലേക്കു മാറും. ഈ സാമ്പത്തിക വർഷം 30,000 വീതം ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് കണക്‌ഷനും 5000 എഫ്ടിഎച്ച് കണക്‌ഷനും നാലു ലക്ഷം മൊബൈൽ  കണക്‌ഷനും നൽകാനുമാണു ലക്ഷ്യമിടുന്നതെന്നും  ഇതിലൂടെ 525 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽ ജനറൽ മാനേജർ  ജി.മുരളീധരൻ അറിയിച്ചു.

ജില്ലയിൽ  ഗ്രാമീണ എക്സ്ചേഞ്ചുകളുടെ കീഴിൽ 156 വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കും. അമ്പലമുകൾ, പട്ടിമറ്റം, കിഴക്കമ്പലം, നെടുമ്പാശേരി, കാലടി, മൂക്കന്നൂർ, കൂവപ്പടി, ഓടക്കാലി, ചേലാട്, ചെറുവത്തൂർ, കോട്ടപ്പടി, പിറവം, കൂത്താട്ടുകുളം, പാമ്പാക്കുട, ഞാറയ്ക്കൽ എന്നിവിടങ്ങളിൽ ഇതിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചു പ്രീപെയ്ഡ് വിഭാഗത്തിൽ മൂന്നു പ്രത്യേക താരിഫ് വൗച്ചറുകളും ബിഎസ്എൻഎൽ പുറത്തിറക്കി. 188 രൂപയുടെ റീചാർജിൽ 189 രൂപ ടോക്ടൈമും 14 ദിവസത്തേക്കു 31 രൂപയുടെ അധിക ടോക്ടൈമും ഒരു ജിബി ഡേറ്റയും ലഭിക്കും. 289 രൂപയുടെ റീചാർജിൽ 289 രൂപ ടോക്ടൈമും 51 രൂപയുടെ അധിക ടോക്ടൈമും ഒരു ജിബി ഡേറ്റ 28 ദിവസത്തേക്കു ലഭിക്കും. 389 രൂപയുടെ റീചാർജിൽ 389 രൂപ ടോക്ക്ടൈമും  30 ദിവസത്തേക്കു 71രൂപയുടെ അധിക ടോക്ടൈമും ഒരു ജിബി ഡേറ്റയും ലഭിക്കും. ഈ റീചാർജുകളിൽ 189, 289, 389 ടോക്ടൈമുകൾ ഉപയോഗിക്കുന്നതിനു കാലപരിധിയില്ല.

ബ്രോഡ്ബാൻഡ് കണക്‌ഷനുകളുടെ നിരക്കുകളിലും വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കോംബോ 599 പ്ലാനിൽ രണ്ട് എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ബ്രോഡ് ബാൻഡ് സൗകര്യം ലഭിക്കും. 675 രൂപയുടെ  പ്ലാനിൽ 10 ജിബി വരെയും 999 പ്ലാനിൽ 30 ജിബി വരെയും നാല് എംബിപിഎസ്  വേഗത്തിൽ ബ്രോഡ്ബാൻഡ് സൗകര്യം കിട്ടും. 675നു മുകളിലുള്ള എല്ലാ പ്ലാനിലും നിശ്ചിത ഉയർന്ന േവഗപരിധിക്കു ശേഷം കുറഞ്ഞ വേഗത രണ്ട് എംബിപിഎസ് ആയിരിക്കും. ബ്രോഡ്ബാൻഡ് ഇല്ലാത്ത ഉപഭോക്താക്കൾക്കു ഇപ്പോൾ 249 കോംബോ പ്ലാനിൽ  പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കും. ലക്ഷദ്വീപിൽ ത്രീജി നെറ്റ്‌വർക് ഒക്ടോബറോടെ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.