നിലേകനി ഇഫക്ട്: ഇൻഫോസിസിൽ മഞ്ഞുരുക്കം

ബെംഗളൂരു ∙ സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുമായുണ്ടായ അഭിപ്രായവ്യത്യാസം നിർഭാഗ്യകരമായിപ്പോയെന്ന് ഇൻഫോസിസ് ബോർഡ്. മൂർത്തിയെ വ്യക്തിപരമായി വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും പുതിയ ചെയർമാൻ നന്ദൻ നിലേകനിയുടെ അധ്യക്ഷതയിലുള്ള ആദ്യ ബോർഡ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. സിഇഒ സ്ഥാനത്തുനിന്നു വിശാൽ സിക്കയുടെ രാജിയിലേക്കു നയിച്ച തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുന്നതിന്റെ സൂചനയായി ബോർഡിന്റെ നിലപാട് വിലയിരുത്തപ്പെടുന്നു.

അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് ഭരണപരമായ സുസ്ഥിരത കൈവരിക്കുകയാണു ലക്ഷ്യമെന്നും ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ നന്ദൻ നിലേകനി പറഞ്ഞു. സിക്കയുടെ രാജിക്കു പിന്നാലെ മൂർത്തിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച ബോർഡിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചിലിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് വാർത്താസമ്മേളനത്തിൽ നിലേകനി ഒഴിഞ്ഞുമാറി. മൂർത്തിക്ക് അദ്ദേഹം അർഹിക്കുന്ന ആദരം ലഭിക്കുന്നതായി താൻ നേരിട്ട് ഉറപ്പ് വരുത്തുമെന്നും പറഞ്ഞു. കമ്പനിക്ക് ആവശ്യമുള്ളത്രയും കാലം താൻ ഇവിടെയുണ്ടാകുമെന്നു നിക്ഷേപകർക്ക് അദ്ദേഹം ഉറപ്പ് നൽകി.

കമ്പനിക്കകത്തുനിന്നോ പുറത്തുനിന്നോ പുതിയ സിഇഒയെ കണ്ടെത്തുക തന്നെയാണ് ആദ്യ ചുമതല. റിക്രൂട്മെന്റ് കൺസൽറ്റൻസിയായ ഇഗോൺ സെൻഡറിന്റെ സേവനം തേടിയിട്ടുണ്ട്. മികവ് മാത്രമല്ല, കമ്പനിയുടെ സംസ്കാരവും നിർണായക മാനദണ്ഡമാകുമെന്ന് നിലേകനി പറഞ്ഞത് ഇൻഫോസിസിൽനിന്നു തന്നെ പുതിയ സിഇഒയെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനും ഭാവി പ്രവർത്തനത്തിനു രൂപരേഖ തയാറാക്കുന്നതിനും ഇഗോൺ സെൻഡറിന്റെ സഹായമുണ്ടാകും. ഇടക്കാല സിഇഒ യു.ബി. പ്രവീൺ റാവുവും മാനേജ്മെന്റുമായി ചർച്ച നടത്തി ഒക്ടോബറോടെ ഭാവിപ്രവർത്തനത്തിനു രൂപരേഖ തയാറാക്കാൻ ബോർഡ് ഉപസമിതി രൂപീകരിച്ചു. ഗണേശോൽസവ അവധിയായതിനാൽ ഇൻഫോസിസിലെ ശുഭസൂചനകൾ ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ പ്രകടമായില്ല. യുഎസിലെ നാസ്ദാകിൽ ആദ്യ മണിക്കൂറുകളിൽ വില 1 % വരെ വർധിച്ചു.