സോളർ ഇവിടെ വിവാദം; അയൽപക്കത്ത് ഊർജം

മലപ്പുറം ∙ നാലു വർഷം കേരളം സോളർ വിവാദത്തിനു പിന്നാലെ ഓടിക്കൊണ്ടിരുന്നപ്പോൾ മറ്റു ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ സൗരോർജ രംഗത്തു ബഹുദൂരം മുന്നേറി. ആന്ധ്രപ്രദേശും കർണാടകയും തമിഴ്‌നാടും തെലങ്കാനയും ഈ കാലം കൊണ്ടു സൗരോർജ ഉൽപാദനം 1000 മെഗാവാട്ടിനു മുകളിലെത്തിച്ചു. കേരളത്തിനു നേടാനായത് 74.17 മെഗാവാട്ട് മാത്രം.

സൗരോർജ ഉപയോഗം കൂട്ടാനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ജവാഹർലാൽ നെഹ്‌റു നാഷനൽ സോളർ മിഷൻ (ജെഎൻഎൻഎസ്‌എം) പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് അയൽ സംസ്‌ഥാനങ്ങൾ സൗരോർജ ഉൽപാദനം കൂട്ടിയത്. സോളർ എന്ന വാക്കുതന്നെ ഇവിടെ തമാശയായതോടെ ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നു കിട്ടുമായിരുന്ന ഫണ്ടും നഷ്‌ടമായി.

സംസ്‌ഥാനത്തു വളരെ സമർഥമായി ഉപയോഗപ്പെടുത്താവുന്ന പദ്ധതിയായിരുന്നു ജെഎൻഎൻഎസ്‌എമ്മിന്റേത്. സോളർ കേസും പൊല്ലാപ്പുമായപ്പോൾ യുഡിഎഫ് സർക്കാർ സൗരോർജത്തിൽ തൊടാൻ പേടിച്ചു. ഈ മേഖലയിൽ ആലോചിച്ചിരുന്ന പദ്ധതികളെല്ലാം ഉപേക്ഷിച്ചു. ഉമ്മൻചാണ്ടി സർക്കാരിനെ വെള്ളം കുടിപ്പിച്ച സൗരോർജത്തെ എൽഡിഎഫ് സർക്കാരും ഭയത്തോടെയാണു സമീപിച്ചത്. അതുകൊണ്ടുതന്നെ ഈ രണ്ടു സർക്കാരുകൾക്കും സൗരോർജ ഉൽപാദന രംഗത്ത് ഒന്നും ചെയ്യാനായില്ല.

കഴിഞ്ഞ ജൂലൈ മൂന്നിനും 28നും കേന്ദ്ര സർക്കാർ സൗരോർജ പദ്ധതികളുടെ പൂർത്തീകരണം സംബന്ധിച്ചു സംസ്‌ഥാന സർക്കാരുകൾക്കു കത്തയച്ചിരുന്നു. ഭൂമികണ്ടെത്തുന്നതിലോ ഏറ്റെടുക്കുന്നതിലോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പൂർത്തീകരണത്തിനു സമയം നീട്ടിനൽകാമെന്നായിരുന്നു ഉള്ളടക്കം. സോളർ വിവാദത്തിനിടയ്‌ക്ക് കത്ത് ആരെങ്കിലും കണ്ടോയെന്നു വ്യക്‌തമല്ല. ഏപ്രിൽ 2013 മുതൽ കഴിഞ്ഞ മാർച്ച് 31 വരെ ജെഎൻഎൻഎസ്‌എം പദ്ധതിയിൽ രാജ്യത്തിന്റെ സൗരോർജ ഉൽപാദനം 10604.16 മെഗാവാട്ടാണ്. ഏറ്റവും കൂടുതൽ സൗരോർജം ഉൽപാദിപ്പിക്കുന്നത് ആന്ധ്രപ്രദേശാണ് 1964.83 മെഗാവാട്ട്.

2013– 14, 2014– 15 വർഷങ്ങളിൽ പദ്ധതിയിൽ സംസ്‌ഥാനത്ത് ഉൽപാദനമേയുണ്ടായില്ല. 2015–16 ൽ 13.02 മെഗാവാട്ടും 2016–17ൽ മാർച്ച് 31 വരെ 61.15 മെഗാവാട്ടും ഉൽപാദനശേഷിയുണ്ടായി.