യഥാർഥ ‘ആം ആദ്മി’ കാറിലേക്ക് മാറൂ; കേജ്‌രിവാളിനോട് ഡാറ്റ്സൺ

കോട്ടയം ∙ വാഹന വിപണിയിൽ വീണ്ടും വാക്പോര്. ഇത്തവണ പോരിനു തുടക്കമിട്ടത് ജാപ്പനീസ് വാഹന ഭീമൻ നിസാന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് കാർ ബ്രാൻഡായ ഡാറ്റ്സൺ ആണ്. ഡാറ്റ്സൺ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതി സുസുക്കിയെ പേരെടുത്തു പറയാതെ ആക്രമിച്ചിരിക്കുകയാണ്.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രശസ്തമായ നീല മാരുതി വാഗൺആർ കാർ കഴിഞ്ഞയാഴ്ച മോഷണം പോയിരുന്നു. കേജ്‌രിവാളിനുണ്ടായ നഷ്ടത്തിൽ തങ്ങൾക്കും സങ്കടമുണ്ട് എന്നു പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെ യഥാർഥ ‘ആം ആദ്മി കാറി’ലേക്ക് (സാധാരണക്കാരന്റെ കാർ) മാറാൻ സമയമായെന്ന് അടുത്ത വാചകം.

ഡാറ്റ്സൺ ഏറ്റവുമൊടുവിൽ പുറത്തിറക്കിയ റെഡി ഗൊ കാറിന്റെ പരസ്യവാചകവുമായാണു ട്വീറ്റ് അവസാനിക്കുന്നത്; ‘കാർ ലാവൊ, ബേകാർ നഹി’ (ഉപയോഗശൂന്യമായ വണ്ടിയല്ല, മറിച്ച് കാർ വാങ്ങൂ). മാറ്റത്തിനു വോട്ട് ചെയ്യൂ എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിരിക്കുന്നു. മുൻപ് ഡാറ്റ്സൺ റെഡിഗോയുടെ പരസ്യം പുറത്തിറക്കിയതും ബജറ്റ് കാർ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള മാരുതിയെ പരിഹസിച്ചായിരുന്നു.

കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത കാലം മുതൽ അദ്ദേഹത്തിന്റെ നീല വാഗൺആർ കാർ പ്രശസ്തമാണ്. ഇതര മുഖ്യമന്ത്രിമാരിൽ നിന്നു വ്യത്യസ്തമായി ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു സ്വന്തം കാറിലാണു പലപ്പോഴും കേജ്‌രിവാളിന്റെ യാത്രയും. സെക്രട്ടേറിയറ്റിനു സമീപം നിർത്തിയിട്ടിരുന്ന കാർ കഴിഞ്ഞ വ്യാഴാഴ്ചയാണു മോഷണം പോയത്. പിന്നീട് ഗസിയാബാദിനടുത്തു നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കുറച്ചുനാൾ മുൻപ് ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ജീപ്പ് കമ്പനി അവരുടെ കോംപസ് എന്ന മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയപ്പോൾ രാജ്യത്തെ യൂട്ടിലിറ്റി കാർ നിർമാതാക്കളായ ടാറ്റയും മഹീന്ദ്രയും അതിനെതിരെ പരോക്ഷ ആക്രമണം നടത്തിയിരുന്നു. ബജാജ് കമ്പനി റോയൽ എൻഫീൽഡിനെതിരെ നടത്തിയ പരസ്യയുദ്ധവും സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.