ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്തുന്നു

കൊല്ലം ∙ നവംബർ ഒന്നു മുതൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്താൻ ബിഎസ്എൻഎൽ. നിലവിൽ രണ്ട് എംബിപിഎസ് നൽകുന്ന പ്ലാനുകളുടെ വേഗം എട്ട് എംബിപിഎസിലേക്കും ആറ്, എട്ട് എംബിപിഎസ് വേഗത്തിലുള്ള പ്ലാനുകൾ 10 എംബിപിഎസിലേക്കുമാണ് ഉയർത്തുന്നത്. പുതിയ വേഗത്തിലേക്കു ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ ഉയർത്താൻ ബിഎസ്എൻഎൽ കേന്ദ്ര ഓഫിസ് സർക്കിളുകൾക്കു നിർദേശം നൽകി. പ്ലാനുകളുടെ തുകയിൽ വർധനയില്ലാതെയാണു വേഗം കൂട്ടുന്നത്.

നിലവിലെ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് 249 രൂപ പ്ലാനിൽ അഞ്ച് എംബി വരെ രണ്ട് എംബിപിഎസ് വേഗം ലഭിക്കുന്നത് എട്ടായി ഉയരും. അഞ്ച് എംബിക്കു ശേഷം ഒരു എംബിപിഎസാണു വേഗം. രണ്ട് എംബിപിഎസ് പരമാവധി വേഗം നിലവിൽ ലഭിക്കുന്ന കോംബോ 499, 545, റൂറൽ കോംബോ 650 തുടങ്ങിയ പ്ലാനുകളും രണ്ടിൽ നിന്ന് എട്ട് എംബിപിഎസിലേക്ക് ഉയർത്തും. ഇവയുടെ എല്ലാം മിനിമം ഡേറ്റ പരിധി കഴിഞ്ഞാൽ ഒരു എംബിപിഎസ് വേഗമാകും ലഭിക്കുക.

ആറ്, എട്ട് എംബിപിഎസ് സ്പീഡ് ലഭിച്ചിരുന്ന പ്ലാനുകളെല്ലാം 10 എംബിപിഎസിലേക്ക് ഉയർത്തും. ഡേറ്റ പരിധി കഴിഞ്ഞാൽ ഇവയുടെ വേഗം രണ്ടായി കുറയും. കോംബോ 675, കോംബോ 725, കോംബോ 749 എന്നിവയുടെ വിവിധ പ്ലാനുകളിൽ ഇപ്പോൾ ലഭിക്കുന്ന നാല് എംബിപിഎസ് വേഗവും പത്തിലേക്ക് ഉയരും.