തെങ്ങിനും കൂട്ടുകൃഷി; ക്ലസ്റ്റർ രൂപീകരിച്ചു സഹായം

പാലക്കാട്∙ കേരവർഷാചരണത്തിന്റെ ഭാഗമായി ഇക്കൊല്ലം രൂപീകരിച്ച കേരഗ്രാമങ്ങളിൽ തെങ്ങുകയറ്റ യന്ത്രം വാങ്ങാൻ 2,000 രൂപ സബ്സിഡിയും ജലസേചനത്തിനു 25,000 രൂപയുടെ ആനുകൂല്യങ്ങളും അനുവദിക്കും.

തെങ്ങിനു തടം തുറക്കുന്നതു മുതൽ വിളവെടുപ്പു വരെയുള്ള പണികൾ ക്രേ‍ാഡീകരിച്ച് വളം, വെള്ളം, ഇടവിളകൾ, വിത്തുകൾ, മണ്ണിര കംപേ‍ാസ്റ്റ്, ജലസേചന പൈപ്പുകൾ എന്നിവയുൾപ്പെടെ കർഷകർക്കു ലഭ്യമാക്കും. ഒരു ഗ്രാമത്തിൽ കുറഞ്ഞത് 60 യന്ത്രങ്ങൾ നൽകും. തിരഞ്ഞെടുത്ത വാർഡുകളിലെ കേര ഗ്രാമങ്ങളിൽ കർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചാണു പദ്ധതി പ്രവർത്തനം. ക്ലസ്റ്ററിന്റെ കൺവീനർമാരെ ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ സെ‍ാസൈറ്റിയുണ്ടാകും.

ശരാശരി 250 ഹെക്ടർ സ്ഥലത്തുള്ള ഒരു കേരഗ്രാമത്തിന് ആദ്യഘട്ടത്തിൽ 77.35 ലക്ഷം രൂപ അനുവദിക്കും. ഒരു ക്ലസ്റ്ററിൽ കുറഞ്ഞത് 1500 കർഷകരെ ഉൾപ്പെടുത്താനാണു നിർദേശം. കൂടുതൽ ഉൽപാദനക്ഷമതയുള്ള തൈകൾ വളർത്തി നാളികേര ഉൽപാദനം വർധിപ്പിക്കുകയും ആഭ്യന്തര ഉപഭേ‍ാഗത്തിനുള്ള മുഴുവൻ നാളികേരവും ഉൽപാദിപ്പിക്കുകയുമാണു ലക്ഷ്യം. കേരഗ്രാമ രൂപീകരണം മിക്ക ജില്ലകളിലും ഏതാണ്ടു പൂർത്തിയായി.

ആനുകൂല്യം പമ്പിനും കുളത്തിനും

കിണർ, കുളം, പമ്പ് സെറ്റ് എന്നിവയ്ക്കുൾപ്പെടെ ഒരു ഹെക്ടറിനാണു 25,000 രൂപയുടെ ആനുകൂല്യം. വിള ഇൻഷുറൻസിൽ കായ്ഫലമുളള തെങ്ങിനു 2000 രൂപ, ഫലമില്ലാത്തതിന് ആദ്യ മൂന്നുവർഷം 200 രൂപ. മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള പഞ്ചായത്തുതല സെ‍ാസൈറ്റിക്ക് അഞ്ചു ലക്ഷം രൂപ.

കീടനാശിനി പ്രയേ‍ാഗത്തിന് തെങ്ങ് ഒന്നിന് 100 രൂപ. ഇൻഷുർ ചെയ്യാത്ത, കായ്ക്കുന്ന തെങ്ങ് പ്രകൃതി ക്ഷേ‍ാഭത്തിൽ നശിച്ചാൽ 700 രൂപ, കായ്ഫലമില്ലാത്തതിനു 350 രൂപ.അപ്രതീക്ഷിത കീടബാധയാലുണ്ടാകുന്ന നാശത്തിനു പ്രത്യേക സമാശ്വാസ ഫണ്ട്.നാളികേര ബേ‍ാർഡിന്റെ കേരവൃക്ഷ ഇൻഷുറൻസി‍ൽ കായ്ഫലമുള്ള, 15 വർഷം പ്രായമുള്ള തെങ്ങിനു 900, അതിനു മുകളിൽ പ്രായമുള്ളവയ്ക്ക് 1750 രൂപയും.