ശ്രീലങ്കയിൽ പെട്രോൾ ക്ഷാമം രൂക്ഷം

കൊളംബോ ∙ ശ്രീലങ്കയിൽ പെട്രോളിനു കടുത്ത ക്ഷാമം. തുടർച്ചയായി രണ്ടാം ദിവസവും രാജ്യമെമ്പാടും വാഹനമുടമകൾക്കു പെട്രോൾ ബങ്കുകളിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു. പമ്പുകളിലേക്കുള്ള ഇന്ധന വിതരണത്തിൽ കുറവു വരുത്തേണ്ടി വന്നതായി പെട്രോളിയം മന്ത്രി അർജുന രണതുംഗെ അറിയിച്ചു.

ഇറക്കുമതി ചെയ്ത പെട്രോൾ, ഗുണനിലവാരക്കുറവു കാരണം തിരിച്ചയയ്ക്കേണ്ടി വന്നതാണു പ്രതിസന്ധിക്കു വഴിവച്ചത്. ദൈനംദിന ആവശ്യത്തിനുള്ളതിന്റെ 80% മാത്രമേ നൽകാൻ കഴിയുന്നുള്ളൂ എന്നും വാഹന ഉടമകൾ ഉപയോഗം കുറച്ചു സഹകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ബസുകളിൽ ഉപയോഗിക്കുന്ന ഡീസലിന് ക്ഷാമമില്ല. അതിനാൽ പൊതുഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും രണതുംഗെ പറഞ്ഞു.