കുട്ടികളെ മണ്ടന്മാരാക്കും വിധം മാരകം ഇ– ലഹരി

കുട്ടികൾക്കു ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ തുടങ്ങിയ ഡിജിറ്റൽ വിനോദോപാധികൾ സ്വതന്ത്രമായി നൽകുന്നതിൽ സമൂഹം രണ്ടു തട്ടിലാണ്. ഇവയൊക്കെ കൊടുത്താൽ കുട്ടികൾ പിഴച്ചു പോകുമെന്നോ നശിച്ചു പോകുമെന്നോ ഒക്കെ വിശ്വസിക്കുന്ന ഒരു വിഭാഗം. ഇന്നത്തെ കാലത്ത് ഇവയൊക്കെ കൈകാര്യം ചെയ്യാനറിയുന്ന കുട്ടികളാണ് സ്മാർടെന്നു കരുതി പ്രോൽസാഹിപ്പിക്കുന്ന മറുവിഭാഗം. ഇതിനിടയിൽ ഫെയ്സ്ബുക്കും വാട്സാപ്പും കാരണം ഫോൺ കയ്യിൽ നിന്നു താഴെ വയ്ക്കാൻ മടിക്കുന്ന വീട്ടിലെ മറ്റംഗങ്ങളുടെ സാന്നിധ്യം കുടിയാവുമ്പോൾ ഫാമിലി മൊത്തം ടെക്കിയായി.

ടെക്നോളജിയും ഡിജിറ്റൽ വിനോദങ്ങളും നഗര-ഗ്രാമ വ്യത്യാസമില്ലാതെ സമൂഹത്തെ ശക്തമായി സ്വാധീനിക്കുന്ന ഇക്കാലത്ത് ഈ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നവർ ഡോക്ടർമാരാണെങ്കിൽ കൂടി പഴഞ്ചനാണെന്നു കരുതാനാണ് പലർക്കുമിഷ്ടം. കാരണം, കുട്ടികൾക്കെന്നതു പോലെ മുതിർന്നവർക്കും ഇവയൊന്നുമില്ലാതെ പറ്റില്ല.

കുട്ടികൾക്ക് ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ, ടിവി തുടങ്ങിയ ഡിജിറ്റൽ വിനോദങ്ങൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് യുഎസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനശാസ്ത്രജ്ഞരും ഗവേഷകരും സ്ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരുന്നത് കുറച്ചുനാളായി നമ്മൾ കേൾക്കാറുണ്ട്.

എല്ലാ ഡിജിറ്റൽ സങ്കേതങ്ങളും ലഭ്യമായിട്ടുള്ള ഈ രാജ്യങ്ങളിൽ സ്ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചതിനു പിന്നിലുള്ള പ്രധാന കാരണം ഇവയുടെ തുടർച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന അഡിക്ഷനും അനന്തരഫലങ്ങളുമാണ്. 

എന്നാൽ, അഡിക്‌ഷനെക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുട്ടികളിൽ സൃഷ്ടിക്കാൻ സ്ക്രീൻ ഉപയോഗത്തിനാവും എന്ന തിരിച്ചറിവ്  കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിൽ കർശന നിയന്ത്രണവും ഒരു പ്രായം വരെ നിരോധനവും ഏർപ്പെടുത്താൻ അവരെ നിർബന്ധിതരാക്കിയിരിക്കുകയാണ്.

ആരാണ് മണ്ടൻമാർ ?

സ്കൂളുകളിലും മറ്റും നടക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകളിലെ പ്രധാന വിഷയമാണ് കുട്ടികളുടെ സ്ക്രീൻ ഉപയോഗം. ക്ലാസെടുക്കുന്ന പലരും സ്ഥിരമായി ഇവ ഉപയോഗിക്കുന്നതു മൂലം കുട്ടികൾ മണ്ടന്മാരായിത്തീരും എന്നു പറയുന്നത് കേൾക്കാറുമുണ്ട്. ഇതൊക്കെ ഫുൾ ടൈം ഉപയോഗിക്കുന്ന രാജ്യങ്ങളിലെ കുട്ടികളാരും മണ്ടന്മാരല്ലല്ലോ എന്ന മറുചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.

കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തെപ്പറ്റി പഠനം നടത്തുന്ന പ്രമുഖ സൈക്കോതെറപ്പിസ്റ്റായ ഡോ.നിക്കോളാസ് കർദരസ് ആണ് യുഎസിൽ കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്റി ശാസ്ത്രീയമായ അവബോധമുണ്ടാക്കിയത്. കഴിഞ്ഞ വർഷം അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകവും ഗ്ലോ കിഡ്സ് പദ്ധതിയും ചില്ലറ മാറ്റങ്ങളല്ല സമൂത്തിൽ ഉണ്ടാക്കിയത്.

സിഗരറ്റ് പായ്ക്കറ്റിന്റെയും മദ്യക്കുപ്പിയുടെയും പുറത്തു കൊടുക്കുന്ന മുന്നറിയിപ്പു പോലെ അമിതമായ സക്രീൻ ഉപയോഗം കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന മുന്നറിയിപ്പ് വിറ്റഴിക്കുന്ന ഓരോ ഡിജിറ്റൽ വിനോദോപാധികളും പതിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്.

നിലവിൽ, യുഎസിൽ 18 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള സ്ക്രീനുകളും നൽകുന്നത് ശിശുരോഗവിദഗ്ധർ കർശനമായി വിലക്കിയിട്ടുണ്ട്. ഫ്രാൻസിൽ 3 വയസ് വരെയുള്ള കുട്ടികളെ ടിവി കാണുന്നതിൽ നിന്നു വിലക്കിയിട്ടുണ്ട്. കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തെ ഒരു സാമൂഹികാരോഗ്യ പ്രശ്നമായാണ് ഫ്രാൻസ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഡോ. നിക്കോളാസിന്റെ വാക്കുകളിൽ സ്ക്രീൻ എന്നാൽ ഡിജിറ്റൽ‍ ഹെറോയിൻ ആണ്. യഥാർഥ ഹെറോയിൻ അഡിക്ടുകളെ ചികിൽസിക്കുന്നതിനെക്കാൾ കഠിനമാണ് സ്ക്രീൻ അഡിക്ടുകളെ ചികിൽസിക്കാൻ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

മണ്ടന്മാരാക്കുന്നത് എന്ത് ?

നന്നേ ചെറുപ്പം മുതൽക്കേ സ്ക്രീൻ ഉപയോഗിച്ചു വളരുന്ന കുട്ടികൾ പൊതുവേ ബോറന്മാരും ലോകത്തുള്ള സകലതും അവരെ ബോറടിപ്പിക്കുന്നതുമായിരിക്കും എന്നു ഡോ. നിക്കോളാസ് പറയുന്നു. ചുറ്റും നടക്കുന്ന ഒരു കാര്യത്തിലും അവർക്കു താൽപര്യമുണ്ടാവില്ല, ഒന്നും അവരെ ത്രസിപ്പിക്കുകയുമില്ല.

കേൾക്കുന്ന കാര്യങ്ങളിൽ നിന്ന്, വായിക്കുന്നവയിൽ നിന്ന് ഭാവനയിൽ ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് സ്ക്രീൻ കണ്ടു വളരുന്ന കുട്ടികൾക്ക് നഷ്ടമാകുന്നു എന്നാണ് കണ്ടെത്തൽ. സ്ക്രീനിൽ റെഡിമെയ്ഡായി കാണുന്ന കാഴ്ചകൾക്കപ്പുറത്ത് മറ്റൊന്നും അവരിൽ താൽപര്യമുണർത്താതെ പോകുന്നത് അതുകൊണ്ടാണ്. 

സ്ക്രീൻ ടൈം നിശ്ചയിക്കാം

എല്ലാ സ്ക്രീനുകളും കുട്ടികളിൽ നിന്ന് എടുത്തു മാറ്റുകയല്ല, അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടത്. മൂന്നു വയസു വരെ കുട്ടികൾക്ക് സ്ക്രീനുകൾ ഒന്നും നൽകാതിരിക്കുക. മസ്തിഷ്ക വളർച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസു വരെ ദിവസം ഒരു മണിക്കൂറിലധികം സ്ക്രീൻ നൽകാതിരിക്കുക. 

അഞ്ചു വയസിനു ശേഷം രക്ഷിതാക്കൾ ഉചിതമായ രീതിയിൽ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയ്യുക. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ വിവിധ സോഷ്യൽ നെറ്റ്‍വർക്കുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായം 13 വയസാണ്. 

എന്നാൽ, 18 വയസ് വരെ സോഷ്യൽ മീഡിയ കുട്ടികൾക്കു സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നന്നേ ചെറുപ്പത്തിലേ കുട്ടികളെ സോഷ്യൽ നെറ്റ്‍വർക്കുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്നു തിരിച്ചറിയുക.

കളിക്കുന്നത് അഡ്രിനാലിനും ഡോപമൈനും

മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നു എന്നാണ് കണ്ടെത്തൽ.  

ഒരു നായ ഓടിച്ചാൽ അതിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതുപോലെ തന്നെ പല ഗെയിമുകൾ കളിക്കുമ്പോഴും അഡ്രിനാലിൻ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, യഥാർഥ ജീവിതത്തിൽ അഡ്രിനാലിൻ എഫക്ട് അധികനേരം നീണ്ടു നിൽക്കാറില്ല. അൽപനേരത്തെ മരണപ്പാച്ചിലിനു ശേഷം മനസ്സും ശരീരവും ശാന്തമാകും. 

എന്നാൽ, ഈ അഡ്രിനാലിൻ എഫക്ട് മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ഗെയിമുകൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ അഡ്രിനാലിൻ ഉൽപാദനം നീണ്ടു നിൽക്കുന്നതോടൊപ്പം തലച്ചോറിൽ വലിയ അളവിൽ ഡോപമൈൻ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. 

ഈ അഡ്രിനാലിൻ-ഡോപമൈൻ ഇഫക്ട് ആണ് അ‍ഡിക്ഷൻ ശക്തമാക്കുന്നത്. ഗെയിം കളിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാർഥ ജീവിതത്തിൽ ലഭിക്കാത്തതായതുകൊണ്ട് കുട്ടികൾ ഗെയിമുകളുടെ, സ്ക്രീനുകളുടെ ലോകത്തെ കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യും.

കുട്ടികളിലെ സക്രീൻ അഡിക്ഷൻ മറ്റൊരു ഗുരുതര പ്രത്യാഘാതം കൂടി സൃഷ്ടിക്കുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.  മസ്തിഷ്കം പൂർണമായി വികാസം പ്രാപിക്കാത്ത പ്രായത്തിൽ അമിതമായ സ്കീൻ ഉപയോഗം മസ്തിഷ്ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുർബലമാക്കുകയും ചെയ്യുമത്രേ. 

ചെറുപ്പത്തിൽ ഒരുപാട് ഗെയിം കളിക്കുന്ന, ഒരുപാട് സ്ക്രീൻ ഉപയോഗിക്കുന്ന കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ എടുക്കുന്ന തീരുമാനങ്ങളൊന്നും മികച്ചതായിരിക്കില്ല എന്നു ചുരുക്കം. കൂടുതൽ അറിയാൻ ഡോ.നിക്കോളാസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: drkardaras.com/glow-kids

അവർ വിൽക്കും, പക്ഷെ ഉപയോഗിക്കില്ല

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‍സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സും ലോകത്തിനു മികച്ച സ്ക്രീൻ ഉപകരണങ്ങൾ നൽകിയപ്പോൾ സ്വന്തം മക്കളെ അതുപയോഗിക്കുന്നതിൽ നിന്നു വിലക്കി. കണക്ടട് ക്ലാസ് മുറികളും ഓൺലൈൻ ക്ലാസുമൊരുക്കുന്ന സിലിക്കൺ വാലിയിലെ മിക്കവാറും കമ്പനികളിലെയും ജീവനക്കാർ സ്വന്തം മക്കളെ പഠിപ്പിക്കുന്നത് സ്മാർട് ക്ലാസ് റൂമും സക്രീനുകളും ഇല്ലാത്ത സ്കൂളുകളിൽ മാത്രം. 

ഗെയിം നിർമാതാക്കളും മോശക്കാരല്ല. ഓരോ ഗെയിമും പരീക്ഷിക്കാൻ കുട്ടികളെക്കൊണ്ട് ഗെയിം കളിപ്പിക്കുകയും അവരുടെ രക്തസമ്മർദ്ദം പരിശോധിക്കുകയും അഡ്രിനാലിൻ എഫക്ട് വേണ്ടത്ര ഉണ്ടാവുന്നില്ലെന്നു കണ്ടാൽ ഗെയിം അഴിച്ചു പണിത് കൂടുതൽ ആവേശകരമാക്കുകയും ചെയ്താണത്രേ ഓരോ ഗെയിമും കമ്പനികൾ അവതരിപ്പിക്കുന്നത്. കളിക്കുന്നവരെല്ലാം അഡിക്ടുകളാകുന്ന സുന്ദരലോകം ആണ് ഓരോ ഗെയിം കമ്പനിയുടെയും സ്വപ്നം.