പൊന്നാണു തേങ്ങ; വില കിലോയ്ക്ക്് 50

കൊച്ചി ∙ വിലയില്ലാതെ കിടന്ന തേങ്ങയ്ക്ക് ഇപ്പോൾ പൊന്നിന്റെ വില. മൊത്ത മാർക്കറ്റിൽ നാടൻ തേങ്ങ വില കിലോയ്ക്ക്് 50 എത്തി. തമിഴ്നാടു തേങ്ങയ്ക്കു കിലോ 45 രൂപയാണു വില. കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില കുതിപ്പിലാണ്. വെളിച്ചെണ്ണ വില ക്വിന്റലിനു 18,900 രൂപ. കൊപ്രയുടെ വിലയും മുന്നോട്ടുതന്നെ, ക്വിന്റലിനു 13,700 രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തു വെളിച്ചെണ്ണയ്ക്കു 11,100 രൂപയും കൊപ്രയ്ക്കു 7200 രൂപയുമായിരുന്നു വിലയെന്ന് ഓർക്കണം. രണ്ടിന്റെയും വില ഏതാണ്ട് ഇരട്ടിയായി. വെളിച്ചെണ്ണ ലീറ്ററിനു കഴിഞ്ഞവർഷം 120–130 രൂപ ആയിരുന്നത് ഇപ്പോൾ 220–230 എത്തി. വില 250 വരെ എത്താമെന്നു വ്യാപാരികൾ പറയുന്നു.

സമീപകാലത്തൊന്നും തെങ്ങിനും തേങ്ങയ്ക്കും ഇത്രയും പ്രൗഢി വന്നിട്ടില്ല. തെങ്ങു നനയ്ക്കാനും നോക്കാനും വളമിടാനും ഇപ്പോൾ  കാരണമായി. ഏതാനും വർഷങ്ങളായി നാളികേര ഉൽപാദനത്തിൽ തമിഴ്നാടിനും കർണാടകയ്ക്കും പുറകിലായിരുന്ന കേരളം ഉൽപാദനത്തിൽ  മുന്നിലെത്തിയെന്നതു സംസ്ഥാനത്തിന് ആശ്വസിക്കാവുന്ന കാര്യംതന്നെ. ഇൗവർഷത്തെ മികച്ച മഴ കൂടിയാവുമ്പോൾ വരും വർഷവും ഉൽപാദനം മെച്ചപ്പെടും.  വിപണിയിൽ വിലകയറിയത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നില്ലെങ്കിലും കർഷകർക്ക് ആശ്വാസമാണ്.

രണ്ടുവർഷം മുൻപ് 26 രൂപയ്ക്കു വിറ്റിരുന്ന തേങ്ങയ്ക്കു കർഷകന് ഇപ്പോൾ 46 രൂപ വരെ ലഭിക്കുന്നു. തേങ്ങവില അഞ്ചുരൂപയിലും താഴ്ന്നുപോയ കാലമുണ്ടായിരുന്നു. വിലത്തകർച്ചമൂലം തെങ്ങുകൃഷി അവസാനിപ്പിച്ച പലരും വീണ്ടും കൃഷിയിലേക്കു തിരിച്ചു വന്നുതുടങ്ങി. അഞ്ചു രൂപയിൽ നിന്നു 25 രൂപയിലേക്കു ഒരു കിലോ തേങ്ങയ്ക്കു പടിപടിയായി വിലയുയരാൻ വർഷങ്ങൾ വേണ്ടിവന്നെങ്കിൽ രണ്ടുവർഷം കൊണ്ടാണു വില 25രൂപയിൽ നിന്നു 50 രൂപയിലേക്ക് എത്തിയത്.

തേങ്ങ ഉൽപാദനം കുറഞ്ഞതും നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ കൂടിയതും  കയറ്റുമതി വർധിച്ചതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു പിന്നിലെന്നു വിപണി വിദഗ്ധർ പറയുന്നു. ഓണക്കാലം മുതൽ മുകളിലേക്കു കയറിയ വിലയുടെ കുതിപ്പ് ഇനി അൽപ്പമൊന്നടങ്ങാൻ ജനുവരി വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

അപ്പോഴേക്കും വിപണിയിൽ പുതിയ ചരക്കെത്തും.ഇപ്പോഴത്തെ ഉയർന്ന വിലയ്ക്കു അസാധാരണ കാരണങ്ങളൊന്നും വിദഗ്ധർക്കു ചൂണ്ടിക്കാട്ടാനില്ല. തമിഴ്നാട്ടിൽ നിന്നു പ്രതിദിനം 40 ലോഡ് വെളിച്ചെണ്ണ എത്തിയിരുന്നത് 30 ആയി കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ ഇറക്കുമതി ചെയ്തിരുന്ന ഗൾഫിലെ ചില കമ്പനികൾ അതിനു പകരം കൊപ്ര ഇറക്കുമതി ചെയ്ത് വെളിച്ചെണ്ണ ഉൽപാദിപ്പിക്കാൻ തുടങ്ങിയതും വിപണിയെ ബാധിച്ചു.