അങ്കം ജയിക്കാൻ അങ്കമാലിയിൽ പരിശീലനം

ഓരോ കമ്പനിയും അങ്കമാലിയിലെ നൈപുണ്യ വികസന കേന്ദ്രത്തെ നോട്ടമിട്ടിരിക്കുകയാണ്. ഇവിടെ പരിശീലനം നേടുന്ന ഉദ്യോഗാർഥികൾക്കു ജോലി കൊടുക്കാൻ. എണ്ണ, പ്രകൃതിവാതകം ഉൾപ്പെടെയുള്ള വ്യാവസായിക മേഖലയിലെ തൊഴിൽ സാധ്യതകൾ വിനിയോഗിക്കാൻ ഉതകുംവിധമാണ് ഇവിടുത്തെ പരിശീലനം. കൊച്ചി മെട്രോ പോലുള്ള ഒട്ടേറെ കമ്പനികൾ  ഇവിടെയെത്തി ഉദ്യോഗാർഥികളെ ചോദിക്കുന്നുണ്ട്. മികച്ച തൊഴിൽ പരിശീലനമുണ്ടെന്ന അറിവാണ് ഇത്തരം സ്ഥാപനങ്ങളെ നൈപുണ്യ വികസന കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത്. ‌

ആധുനിക യന്ത്രസാമഗ്രികളിലും മറ്റും പരിശീലനം നൽകുന്ന സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്ഡിഐ) നിന്നു പുറത്തിറങ്ങുന്നവരെ വേറെ പരിശീലനമൊന്നും നൽകാതെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നതാണ് വൻകിട കമ്പനികളെ ആകർഷിക്കുന്ന ഘടകം. വിദേശത്തും സ്വദേശത്തും ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഈ നൈപുണ്യ പരിശീലന കേന്ദ്രം. 2019 മുതൽ വർഷം തോറും ആയിരത്തിലേറെ വിദ്യാർഥികൾക്കു നൈപുണ്യ പരിശീലനവും തൊഴിലും നൽകാനാണ് അങ്കമാലിയിലെ ഇൻകെൽ ടവറിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസനകേന്ദ്രം ലക്ഷ്യമിടുന്നത്.  

വെൽഡിങ്ങിലും ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ കോഴ്സിലുമൊക്കെ ഉദ്യോഗാർഥിക്കു മതിയാവോളം പരിശീലനം നേടാനുള്ള സൗകര്യമുണ്ട്. പുതുതലമുറയ്ക്കു പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുകയാണ് എസ്ഡിഐ.

പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി ‘സ്കിൽ ഇന്ത്യ’യുടെ പ്രചാരണാർഥം കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എസ്ഡിഐയുടെ പ്രവർത്തനം. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപറേഷൻ, ഒഎൻജിസി, ഗെയ്ൽ, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഓയിൽ ഇന്ത്യ ലിമിറ്റഡ്, എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ്, ബാമർ ലാറീസ് എന്നിവയുടെ സഹകരണത്തോടെ രാജ്യത്തു നടപ്പാക്കിയ എസ്ഡിഐകളിൽ ഒന്നാണ് അങ്കമാലിയിലുള്ളത്. ഭാരത് പെട്രോളിയം കോർപറേഷനാണ് ഇവിടുത്തെ എസ്ഡിഐക്കു നേതൃത്വം നൽകുന്നത്.

ഇറക്കുമതി ചെയ്ത, ആധുനിക സാങ്കേതിക ഉപകരണങ്ങളാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. 30 ലക്ഷം രൂപയിലേറെ വില വരുന്ന ജർമൻ നിർമിത ഫെസ്റ്റോ ട്രെയിനർ കിറ്റ്, പ്രോഗ്രാമബിൾ ലോജിക് കൺട്രോൾ കിറ്റ് തുടങ്ങിയവയിലാണ് ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ കോഴ്സിൽ പരിശീലനം. മോട്ടോർ, ജനറേറ്റർ, ഓൾട്ടർനേറ്റർ, വിവിധ തരത്തിലുള്ള എസ്ഡിസി മോട്ടോർ ഡ്രൈവുകൾ എന്നിവയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ഓസിലോസ്കോപ്പുകൾ, ഫംക്‌ഷൻ ജനറേറ്ററുകൾ, പൾസ് ജനറേറ്ററുകൾ, ഡിജിറ്റൽ ട്രെയിനർ കിറ്റുകൾ എന്നിവയും കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള മെഷീൻ ഡ്രോയിങ്, ഇലക്ട്രിക്കൽ ഡ്രോയിങ് എന്നിവയിലുള്ള പരിശീലനവും ലഭിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫിസ് പാക്കേജിലുള്ള സോഫ്ട്‌വെയറുകളിലും പരിശീലനം നൽകുന്നുണ്ട്.

വിദേശനിർമിത സോൾഡമാറ്റിക് വെൽഡിങ് സിമുലേറ്ററിന്റെ സഹായത്തോടെയാണ് ടിഗ്, മിഗ്, ഷീൽഡഡ് മെറ്റൽ ആർക് വെൽഡിങ്, ഫ്ലക്സ് കോർഡ് ആർക് വെൽഡിങ് രീതികൾ പഠിപ്പിക്കുന്നത്. ഗ്യാസ് വെൽഡിങ്, ഗ്യാസ് കട്ടിങ്, പ്ലാസ്മ കട്ടിങ്, പഗ് കട്ടിങ് തുടങ്ങിയ ആധുനിക രീതിയിലുള്ള വെൽഡിങ് കട്ടിങ് പരിശീലനവും നൽകുന്നു. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ തൊഴിൽമേഖലകളിൽ നല്ല ജോലി നേടുവാൻതക്ക സാങ്കേതിക പരിശീലനം ഉദ്യോഗാർഥികൾക്കു ലഭ്യമാക്കുന്നു. ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന വെൽഡിങ് ലാബുകൾ, വൻവ്യവസായ ശാലകളിൽ യഥേഷ്ടം ജോലി ചെയ്യാനുള്ള അനുഭവജ്ഞാനമാണ് നൽകുന്നത്. നല്ല രീതിയിൽ സിസ്റ്റമാറ്റിക് ആയി ക്രമീകരിച്ചിരിക്കുന്ന ഗ്യാസ് മാനിഫോൾഡ് സിസ്റ്റവും സുരക്ഷാ ഉപകരണങ്ങളും കുട്ടികൾക്ക് എങ്ങനെ സുരക്ഷിതമായി ജോലിചെയ്യാമെന്നുള്ള പരിശീലനം ലഭ്യമാക്കുന്നു. ബിപിസിഎല്ലിലെ സുരക്ഷാ സംവിധാനങ്ങൾ നൈപുണ്യ വികസന കേന്ദ്രത്തിലും നടപ്പാക്കിയിട്ടുണ്ട്.

നാലു കോഴ്സുകൾ

എൻടിടിഎഫിന്റെ മേൽനോട്ടത്തിൽ നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷന്റെ (എൻഎസ്ഡിസി) അംഗീകാരമുള്ള പാഠ്യപദ്ധതിയിലാണ് പരിശീലനം നൽകുന്നത്. ഐടിഐ പരിശീലനത്തിൽ നിന്നു വ്യത്യസ്തമായി 70% ക്ലാസുകളും പ്രായോഗിക പരിശീലനത്തിനാണ് ഉപയോഗപ്പെടുത്തുന്നത്. ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ വെൽഡർ, ഇൻഡസ്ട്രിയൽ ഫിറ്റർ, പ്രോസസ് ഇൻസ്ട്രുമെന്റേഷൻ എന്നീ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. വിവിധ ട്രേഡുകളിലുള്ള ഐടിസി സർട്ടിഫിക്കറ്റാണ് പ്രവേശനത്തിനുള്ള യോഗ്യത. 25 വയസാണ് പ്രായപരിധി. വർഷത്തിൽ രണ്ടു പ്രാവശ്യം നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, എറണാകുളം, തലശേരി എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകൾ. ഓരോ വിദ്യാർഥിക്കും 1.15 ലക്ഷമാണ് എസ്ഡിഐ ചെലവഴിക്കുന്നത്. യൂണിഫോം, ലാബ് സ്യൂട്ട്, യോഗസ്യൂട്ട്, ബാഗ്, ബുക്കുകൾ, സേഫ്റ്റി ഷൂസുകൾ, ബെഡ് ഷീറ്റുകൾ, വിവിധ പഠനോപകരണങ്ങൾ, ഭക്ഷണം, താമസം എന്നിവ നൽകുന്നു. 5000 രൂപ വിദ്യാർഥി നൽകണം. ഈ തുക അഞ്ച് തവണകളായി നൽകിയാൽ മതിയാകും. കുട്ടികളുടെ പഠനനിലവാരം അപ്പപ്പോൾ മാതാപിതാക്കളെ അറിയിക്കാനായി ഓൺലൈൻ സംവിധാനമുണ്ട്. 2018 ൽ ‌കോട്ടയം ഏറ്റുമാനൂർ ഐടിഐ ക്യാംപസിൽ സർക്കാർ വക സ്ഥലത്തേക്ക് എസ്ഡിഐയുടെ ആസ്ഥാനം മാറ്റും. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഇവിടെ ഒരുക്കുന്നത്. അങ്കമാലിയിലെ സെന്റർ തുടരുകയും ചെയ്യും.