ക്ഷമാപണം നടത്തി ആപ്പിൾ

സാൻഫ്രാൻസിസ്കോ ∙ പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്നു സമ്മതിച്ച ആപ്പിൾ, ഉപയോക്താക്കളോടു ക്ഷമാപണം നടത്തി. ബാറ്ററിയുടെ പഴക്കംമൂലം ഐഫോൺ പ്രവർത്തനം മുടങ്ങാനുള്ള സാധ്യത ഒഴിവാക്കാൻ ‘വേഗം കുറയ്ക്കൽ’ വിദ്യ പ്രയോഗിച്ചതിനു വ്യാപകമായി പഴികേട്ട സാഹചര്യത്തിൽ, ബാറ്ററിയുടെ വില കുത്തനെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 79 ഡോളറിൽനിന്ന് 29 ഡോളറായി വില കുറയ്ക്കുന്നതായാണു കമ്പനി വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ബാധകമാണോ എന്നു വ്യക്തമാക്കിയിട്ടില്ല.

വേഗം കുറയുമ്പോൾ പ്രശ്നം ബാറ്ററിയുടേതാണെന്നു മിക്കവരും മനസ്സിലാക്കുന്നില്ല; ബാറ്ററി മാറ്റുന്നതിനു പകരം ഫോൺ തന്നെ മാറ്റുന്നു.
യഥാർഥ പ്രശ്നം കമ്പനി തന്നെ വ്യക്തമാക്കുകയും ബാറ്ററിയുടെ വില കുറയ്ക്കുകയും ചെയ്തതോടെ ഉപയോക്താക്കൾക്ക് ഈ അമിതച്ചെലവ് ഒഴിവാക്കാം.