കെട്ടിട നിർമാണത്തിലേർപ്പെട്ട തൊഴിലാളികൾക്കും ഇഎസ്ഐ വിഹിതമടയ്ക്കണം

ഞങ്ങളുടെ ആശുപത്രിയുടെ ക്വാർട്ടേഴ്‌സ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ പേരിൽ എട്ടു ലക്ഷം രൂപയോളം കോൺട്രിബ്യൂഷൻ ഇനത്തിൽ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഎസ്ഐ അധികൃതർ ഞങ്ങൾക്കു നോട്ടിസ് നൽകിയിരിക്കുകയാണ്. ആശുപത്രിയുടെ സാധാരണ ജോലികളുമായി ബന്ധമില്ലാത്ത കെട്ടിട നിർമ്മാണത്തിന് അതും കരാറുകാരൻ മുഖേന നിയോഗിക്കപ്പെട്ട താൽക്കാലിക തൊഴിലാളികളുടെ പേരിൽ വിഹിതം അടയ്ക്കാൻ ആവശ്യപ്പെടുന്നത് നിയമാനുസൃതമാണോ?

ഇഎസ്ഐ നിയമത്തിലെ വകുപ്പ് 2(9)ൽ തൊഴിലാളി എന്ന പദത്തിന് നൽകിയിട്ടുള്ള നിർവചനം അനുസരിച്ച് ഒരു സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായോ പരോക്ഷമായോ വേതനത്തിനായി സേവനം അനുഷ്ടിക്കുന്നവരെല്ലാം തന്നെ ഇഎസ്ഐ നിയമത്തിന്റെ പരിധിയിൽ വരും. ഒരു നിശ്ചിത സമയം അല്ലെങ്കിൽ ഒരു നിശ്ചിത കാലം ജോലിക്കായി നിയോഗിക്കപ്പെടുന്നവർ മാത്രമേ തൊഴിലാളി എന്ന നിർവചനത്തിന്റെ പരിധിയിൽ വരികയുള്ളൂ എന്നൊന്നും പ്രത്യേകിച്ച് നിഷ്‌കർഷിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇഎസ്ഐ നിയമം ബാധകമായ ഒരു സ്ഥാപനത്തിനാവശ്യമായ ഒരു ജോലിയിൽ അൽപനേരത്തേക്ക് നിയോഗിക്കപ്പെടുന്നവർ പോലും സാധാരണ ഗതിയിൽ തൊഴിലാളി എന്ന നിർവചനത്തിന്റെ പരിധിയിൽ വരും. 

കേരള ഹൈക്കോടതി ഇത്തരം ഒരു കേസിൽ അടുത്തകാലത്ത് പുറപ്പെടുവിച്ച വിധിയും ഇഎസ്ഐ അധികൃതരുടെ നിലപാട് ശരിവയ്ക്കുന്നതാണ്. ആ കേസിൽ ഹർജി നൽകിയിരുന്നത് പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു. രണ്ട് ഘട്ടങ്ങളിലായി ഹോട്ടലിനു വേണ്ടി കെട്ടിടം നിർമിക്കാൻ കമ്പനി തീരുമാനിച്ചു. നിർമാണത്തിനു വേണ്ടി ഒരു നിർമാണ കമ്പനിയുമായി ഹോട്ടൽ കരാറിലേർപ്പെട്ടു. ഒന്നാം ഘട്ടത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. ഹോട്ടലിലെ തൊഴിലാളികളുടെ പേരിൽ കമ്പനി ഇഎസ്ഐ വിഹിതം അടച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെയിരിക്കെ നൂറ് മുറികളുള്ള രണ്ടാംഘട്ട കെട്ടിട നിർമാണം ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഇഎസ്ഐ ഇൻസ്‌പെക്ടർ ഹോട്ടലിൽ പരിശോധനയ്ക്കു വന്നു. 

ഹോട്ടലിലെ തൊഴിലാളികൾക്കു പുറമെ കെട്ടിട നിർമാണത്തിലേർപ്പെട്ട തൊഴിലാളികളുടെ പേരിലും വിഹിതമടയ്ക്കാൻ ഹോട്ടൽ ബാധ്യസ്ഥമാണെന്ന് ഇൻസ്‌പെക്ടർ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ എല്ലാ തടസ്സവാദങ്ങളും തള്ളിക്കളഞ്ഞ് ഇഎസ്ഐ ഡയറക്ടർ കെട്ടിട നിർമാണ തൊഴിലാളികളുടേയും പേരിൽ വിഹിതം നിർണയിച്ച് ഉത്തരവിട്ടു. ഏഴര ലക്ഷത്തോളം രൂപ വിഹിതമായി അടയ്ക്കണമെന്നാണ് റീജനൽ ഡയറക്ടർ നിർദേശിച്ചത്. ഇതിനെതിരെ ഹോട്ടൽ ആലപ്പുഴ എംപ്ലോയീസ് ഇൻഷുറൻസ് കോടതിയിൽ ഹർജി ബോധിപ്പിച്ചു. കെട്ടിട നിർമ്മാണത്തിലേർപ്പെട്ട തൊഴിലാളികൾ ഹോട്ടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടവരല്ലെന്ന് വിലയിരുത്തിയ ഇൻഷുറൻസ് കോടതി ഹോട്ടൽ കമ്പനിയുടെ ഹർജി അനുവദിച്ച് ഉത്തരവായി. ഇതിനെതിരെ ഇഎസ്ഐ കോർപറേഷൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹോട്ടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കെട്ടിട നിർമാണത്തിലേർപ്പെട്ടവരെയും ഹോട്ടലിലെ തൊഴിലാളികളായി കണക്കാക്കേണ്ടതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി എംപ്ലോയീസ് ഇൻഷുറൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ഇഎസ്ഐ ഡയറക്ടറുടെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.