ഫ്ലിപ്കാർട്ടിൽ ഓഹരിയെടുക്കാൻ വാൾമാർട്ട്

മുംബൈ ∙ അമേരിക്കയിൽ ചില്ലറ വിൽപന രംഗത്തെ വമ്പൻ സ്ഥാപനമായ വാൾമാർട്ട് ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിൽ 15–20% ഓഹരിയെടുക്കാനുള്ള നീക്കത്തിൽ. ഇവിടെ ഫ്ലിപ്കാർട്ടിന്റെ മുഖ്യ എതിരാളിയായ ആമസോൺ ആണ് അമേരിക്കയിൽ വാൾമാർട്ടിന്റെ മുഖ്യശത്രു എന്നതു ശ്രദ്ധേയമാണ്.

വാൾമാർട്ട് അധികൃതർ ഫ്ലിപ്കാർട്ട് ഉന്നതരുമായി പലതവണ ചർച്ച നടത്തിക്കഴിഞ്ഞു. മാർച്ചോടെ തീരുമാനമാകുമെന്നാണു സൂചന. നേരിട്ടുള്ള നിക്ഷേപവും നിലവിലെ ഏതെങ്കിലും നിക്ഷേപകരുടെ ഓഹരി വാങ്ങലും നടന്നേക്കും.

നിലവിൽ ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, ചൈനയിലെ ടെൻസെന്റ്, ഓൺലൈൻ മാർക്കറ്റ് കമ്പനി ഇ–ബേ, മൈക്രോസോഫ്റ്റ്, യുഎസിലെ ടൈഗർ ഗ്ലോബൽ മാനേജ്മെന്റ് എന്നിവരാണു ബെംഗളൂരു ആസ്ഥാനമായ ഫ്ലിപ്കാർട്ടിലെ പ്രമുഖ വിദേശ നിക്ഷേപകർ. യുഎസിൽ ആമസോണിലൂടെ ഓൺലൈൻ വ്യാപാരം വ്യാപകമായത് വാൾമാർട്ട് അടക്കമുള്ള സൂപ്പർമാർക്കറ്റ് ശൃംഖലകൾക്ക് കനത്ത അടിയായിരുന്നു.