സംസ്ഥാനത്ത് ബിഎസ്എൻഎൽ 4ജി; രാജ്യത്ത് ആദ്യം

തിരുവനന്തപുരം∙ നീണ്ട കാത്തിരിപ്പിനൊടുവിൽ രാജ്യത്താദ്യമായി ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിൽ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ഉടുമ്പൻചോല എക്സ്ചേഞ്ച്, ചെമ്മണ്ണാർ, കല്ലുപാലം, സേനാപതി എന്നിവിടങ്ങളിലെ അഞ്ച് ടവറുകളിലായിരിക്കും ഇപ്പോൾ സേവനം ലഭ്യമാകുക. ഡിസംബറിനുള്ളിൽ സംസ്ഥാനത്തുടനീളം 4ജി ലഭ്യമാക്കുമെന്നു ചീഫ് ജനറൽ മാനേജർ ഡോ.പി.ടി.മാത്യു പറഞ്ഞു. 

ടവറുകൾ അഞ്ചും കമ്മിഷൻ ചെയ്തുകഴിഞ്ഞു. നിലവിൽ ബിഎസ്എൻഎല്ലിന്റെ പക്കലുള്ള സ്പെക്ട്രം കൊണ്ടു തന്നെയാണു 4 ജി സേവനവും ആരംഭിക്കുന്നത്. രാജ്യ വ്യാപകമായി സേവനം ആരംഭിക്കുന്നതിനു പുതിയ സ്പെക്ട്രം ലൈസൻസ് ഉൾപ്പെടെയുള്ളവ വേണ്ടിവരും. ഇതിനായി ബിഎസ്എൻഎൽ സമർപ്പിച്ച പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.  പ്രീ-പെയ്ഡ് ഹോംപ്ലാൻ 67, യുഎസ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള  മൊബൈൽ പ്രീപെയ്ഡ് റോമിങ് സൗകര്യം എന്നിവയുടെ ഉദ്ഘാടനം ബാലാവകാശ കമ്മിഷൻ അധ്യക്ഷ ശോഭ കോശി നിർവഹിച്ചു.

67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുളള പ്ലാനിൽ രാജ്യത്തെവിടേക്കും റോമിങ് ഉൾപ്പെടെ ബിഎസ്എൻഎൽ കോളുകൾക്കു സെക്കൻഡിൽ ഒരു പൈസയ്ക്കും മറ്റു കോളുകൾക്ക് സെക്കൻഡിൽ 1.2 പൈസയ്ക്കും വിളിക്കാൻ കഴിയും. മാസം 500 എംബി ഡേറ്റ സൗജന്യമായി ലഭിക്കും. 

ഉപഭോക്താവിന്റെ ഒരു ലാൻഡ്‌ലൈൻ നമ്പരിലേക്ക് പരിധിയില്ലാത്ത വിളിക്കാം. അവസാനത്തെ ആറ് നമ്പരുകൾ ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാം. പ്രിൻസിപ്പൽ ജനറൽ മാനേജർ കുളന്തൈവേൽ, ജനറൽ മാനേജർമാരായ ജ്യോതിശങ്കർ, സത്യമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു.