ഫ്ലാറ്റ് കച്ചവടത്തിന് ട്രംപിന്റെ മകൻ ഇന്ത്യയിൽ

ട്രംപ് ജൂനിയർ കൊൽക്കത്തയിൽ.

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിർമിക്കുന്ന ‘ട്രംപ് ടവേഴ്സ്’ ആഡംബര ഫ്ലാറ്റുകളുടെ വിപണന പ്രോൽസാഹന പരിപാടിക്കായി ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഇന്ത്യയിൽ. രാജ്യത്തെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ യൂണിമാർക്ക്, ട്രിബേക, ആർഡിബി ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ചാണ് ട്രംപ് ടവേഴ്സ് പദ്ധതികൾ. ഗു‍രുഗ്രാം, മുംബൈ, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിലാണു പദ്ധതികൾ.

പിതാവ് ഡോണൾഡ് ട്രംപ് പ്രസിഡന്റായ സാഹചര്യത്തിൽ തങ്ങളുടെ സ്ഥാപനം അടുത്ത അഞ്ചാറു വർഷത്തേക്ക് പുതിയ കരാറുകളിലൊന്നും ഏർപ്പെടുന്നില്ലെന്നും സ്വയം നിബന്ധന ഏർപ്പെടുത്തിയതായും ഇതു ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ജൂനിയർ ട്രംപ് വെളിപ്പെടുത്തി.

വിവിധ നഗരങ്ങളിൽ ട്രംപ് ടവേഴ്സ് ഇടപാടുകാരുമായുള്ള വിരുന്നുകളിൽ പങ്കെടുക്കുന്നതിനു പുറമെ മുംബൈയിൽ ഇന്ത്യാ – പസിഫിക് ബന്ധത്തെ കുറിച്ചുള്ള പ്രഭാഷണവും ജൂനിയർ ട്രംപ് നിർവഹിക്കും. ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരുടെ യോഗത്തിലാകും പ്രഭാഷണം.