Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അതിലും വലിയ ആണവബട്ടണ്‍ എന്റെ പക്കലുണ്ട്': കിമ്മിന് ട്രംപിന്റെ മറുപടി

USA-TRUMP/TRIP-POPE

വാഷിങ്ടൻ∙ ആണവബട്ടൺ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാ‍ർഥ്യമാണെന്നു യുഎസ് തിരിച്ചറിയണമെന്നുമുള്ള ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനത്തോട് അതേ നാണയത്തിൽ തിരിച്ചടിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിം ജോങ് ഉന്‍ അവകാശപ്പെട്ടതിനേക്കാള്‍ വലിയ ആണവബട്ടണ്‍ തന്റെ പക്കലുണ്ടെന്നു ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. അത് ഉത്തരകൊറിയയുടേതിനേക്കാള്‍ വലുതും കരുത്തുറ്റതും പ്രവര്‍ത്തനക്ഷമമവുമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറിയ ട്രംപിന്റെ ട്വീറ്റിങ്ങനെ:

ആണവ ബട്ടൻ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. അയാളുടെ പക്കലുള്ളതിനേക്കാൾ വലുതും കരുത്തേറിയതുമായ ആണവബട്ടൻ എന്റെ പക്കലുമുണ്ടെന്നു പട്ടിണിക്കാരും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തിലുള്ള ആരെങ്കിലും ഓർമിപ്പിച്ചേക്കൂ. മാത്രമല്ല, എന്റെ ആണവബട്ടൺ ഒന്നാന്തരമായി പ്രവർത്തിക്കുന്നതുമാണ്!

നേരത്തെ, പുതുവൽസരദിന സന്ദേശത്തിലാണ് ആണവ ബട്ടൺ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെ കിം ജോങ് ഉൻ ഭീഷണി മുഴക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ആണവ പോർമുനകളും ഈ വർഷം ആവശ്യം പോലെ നിർമിക്കുമെന്നും കിം ഭീഷണി മുഴക്കിയിരുന്നു. ലോകത്തിന്റെ ആശങ്കകളെ തെല്ലും വകവയ്ക്കുകയില്ലെന്നും അണ്വായുധ പദ്ധതി തുടരുമെന്നും വ്യക്തമാക്കുന്ന കിമ്മിന്റെ ഈ ടെലിവിഷൻ സന്ദേശത്തിനാണു ട്രംപിന്റെ മറുപടി എത്തിയിരിക്കുന്നത്. ‘യുഎസിൽനിന്നുള്ള ഏതു തരം ആണവഭീഷണിയെയും നേരിടാനും അവർ തീ കൊണ്ടു കളിക്കുന്നതു തടയാനും ഉത്തര കൊറിയയ്ക്കു ശേഷിയുണ്ട്. എന്നാൽ സമാധാനം ആഗ്രഹിക്കുന്ന, ഉത്തരവാദിത്തമുള്ള ആണവശക്തിയാണ് ഉത്തര കൊറിയ’ – കിം പറഞ്ഞു. 

അതേസമയം, ഫ്ളോറിഡയിലെ അവധിക്കാലവാസത്തിനുശേഷം വാഷിങ്ടനിൽ തിരിച്ചെത്തിയതു മുതൽ ട്വിറ്ററിലൂടെ ‘കടുത്ത’ പ്രഖ്യാപനങ്ങളുമായി കളംനിറയുകയാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീനും പാക്കിസ്ഥാനും വർഷങ്ങളായി നൽകിവരുന്ന ധനസഹായം ട്രംപ് നിർത്തലാക്കിയിരുന്നു. മാത്രമല്ല, മാധ്യമലോകവുമായുള്ള ‘യുദ്ധം’ തുടരുന്ന ട്രംപ്, കഴിഞ്ഞ വർഷത്തെ മോശം മാധ്യമപ്രവർത്തനത്തിനുള്ള ‘പുരസ്കാരം’ ഉടൻ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയും കള്ളങ്ങളും നിറഞ്ഞ മാധ്യമറിപ്പോർട്ടിങ്ങിനു പുരസ്കാരം നൽകുമെന്നാണു പ്രഖ്യാപനം.