ഇൻസ്ട്രുമെന്റേഷൻ: കേരളം വാങ്ങുന്നത് 53 കോടിക്ക്

പാലക്കാട് ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷന്റെ പാലക്കാട് യൂണിറ്റ് കൈമാറാൻ കേരളവും കേന്ദ്രവും ധാരണയിലെത്തി. 53 കോടി രൂപയാകും കേരളം ഇതിനായി ചെലവിടുകയെന്ന് അറിയുന്നു. നേരത്തെ, കേരളം നിയോഗിച്ച ഏജൻസി 65 കോടി രൂപയാണ് ഇൻസ്ട്രുമെന്റേഷന്റെ ആസ്തിയായി നിർണിയച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിനായി കേന്ദ്ര ഖന മന്ത്രാലയം ഡയറക്ടർ പർവീൺ ഗുപ്ത, വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ, ഇൻസ്ട്രുമെന്റേഷൻ സിഎംഡി എം.പി. ഈശ്വർ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി പോൾ ആന്റണി, വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഇളങ്കോവൻ, പർവീൺ ഗുപ്ത, എം.പി. ഈശ്വർ, റിയാബ് ചെയർമാൻ എം.പി. സുകുമാരൻ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള കുടിശിക ആനുകൂല്യങ്ങൾ നൽകണമെന്ന ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമൊന്നുമില്ല.