കേരഫെഡ് സംഭരണം തുടങ്ങിയില്ല; തേങ്ങ വിലയിടിഞ്ഞ് കർഷകർ ദുരിതത്തിൽ

കണ്ണൂർ ∙ സർക്കാർ ഉത്തരവിറങ്ങി അഞ്ചു മാസമായിട്ടും കേരഫെഡ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയില്ല. സംഭരണത്തിന്റെ മാർഗനിർദേശങ്ങൾ വ്യക്തമാക്കി കൃഷി ഡയറക്ടർ ഉത്തരവിറക്കാത്തതാണു കാരണം. ഇതു മുതലെടുത്ത് ഇതര സംസ്ഥാന ലോബികൾ നാളികേര വിപണിയുടെ നിയന്ത്രണം ഏതാണ്ടു പൂ‍ർണമായും ഏറ്റെടുത്തതോടെ സംസ്ഥാനത്തു തേങ്ങവില കുത്തനെ ഇടിഞ്ഞു കർഷകർ ദുരിതത്തിലാണ്. അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തി‍ൽ വിൽപനയ്ക്കെത്തുന്ന വെളിച്ചെണ്ണയുടെ വില കാര്യമായി കുറയുന്നുമില്ല. പച്ചപിടിച്ചു വരികയായിരുന്ന നാളികേര കൃഷിമേഖല ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. 

രണ്ടാഴ്ചയ്ക്കിടെ 17രൂപ വരെ കിലോയ്ക്കു വില കുറഞ്ഞിട്ടുണ്ട്. കൃഷിഭവനുകൾ വഴി 2012ൽ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയെങ്കിലും വൻതോതിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്തു നിർത്തിയിരുന്നു. പിന്നീടു കേരഫെഡ് എംഡിയുടെ റിപ്പോ‍ർട്ട് പ്രകാരം, പ്രാഥമിക സഹകരണ സംഘങ്ങളും വിപണന സംഘങ്ങളും വഴി സംഭരണം തുടങ്ങാൻ തീരുമാനിക്കുകയും 2017ഒക്ടോബർ 26നു കൃഷി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. വില നിശ്ചയിക്കുന്നതുൾപ്പെടെയുള്ള വിശദമായ മാർഗനിർദേശങ്ങൾ തയാറാക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. വില നിയന്ത്രിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ഉത്തരവും നടപ്പായില്ല.

അതോടെ കേരളത്തിലെ നാളികേര വിപണിയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും കർണാടക, തമിഴ്നാട് ലോബികളുടെ നിയന്ത്രണത്തിലായി. ഉൽപാദനം കൂടുകയും ചെയ്തതോടെ, കിട്ടുന്ന വിലയ്ക്കു തേങ്ങ കൊടുത്തു കയ്യൊഴിയാൻ കർഷകർ നിർബന്ധിതരാവുന്നു. വിപണി നിയന്ത്രണം കയ്യിലായതോടെ ഇതരസംസ്ഥാന ലോബി തേങ്ങയുടെ വില കുത്തനെ കുറച്ചതായി കർഷകർ പറയുന്നു. 

പച്ചത്തേങ്ങ കിലോയ്ക്കു 47 രൂപയുണ്ടായിരുന്നതു 10 ദിവസം കൊണ്ടു 30 രൂപയിൽ വരെ എത്തി. അതേസമയം, വെളിച്ചെണ്ണയുടെ വിലയെ അതു ബാധിക്കുന്നുമില്ല. കേരളത്തിൽ നിന്നു നാളികേരം സംഭരിക്കുന്നവർ തന്നെ വെളിച്ചെണ്ണയാക്കി തിരികെ കേരള വിപണിയിലെത്തിക്കുമ്പോൾ വൻവിലയാണ് ഈടാക്കുന്നത്. ശരാശരി 200 രൂപയാണു പൊതുവിപണിയിൽ വെളിച്ചെണ്ണവില. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നാളികേരത്തിൽ ഏറെയും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമാണു പോകുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുളള കൊപ്രയ്ക്കു വേണ്ടി കേരഫെഡും ഇപ്പോൾ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്.