ജിഎസ്ടിയും സാമ്പത്തിക ഞെരുക്കവും; വാടിക്കുഴഞ്ഞ് വിപണി

കൊച്ചി ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ ആദ്യ സാമ്പത്തികവർഷം അവസാനിക്കാൻ ഇനി നാലു ദിവസം മാത്രം. പക്ഷേ, ജിഎസ്ടി റിട്ടേൺ സമർപ്പണ നടപടികൾ ഇപ്പോഴും പൂർണമല്ല.  ഇ–വേ ബിൽ നടപ്പായിട്ടുമില്ല. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കൂടി  ചേരുമ്പോൾ നിർജീവമായ അവസ്ഥയിലാണു വിപണി.

പുതിയ സാമ്പത്തിക വർഷത്തിലും ജിഎസ്ടിയുടെ  പ്രതിസന്ധി തുടരുമെന്നു തന്നെയാണു സൂചന. ഇ–വേ ബിൽ സമ്പ്രദായം എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ചു കഴിഞ്ഞ ജനുവരിയിൽ നടപ്പാക്കിയെങ്കിലും  സാങ്കേതികപ്രശ്നം മൂലം  നിർത്തിവയ്ക്കുകയായിരുന്നു. ആദ്യഘട്ടമായി ഇ–വേ ബിൽ ഏപ്രിൽ  മുതൽ നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളവുമുണ്ട്. എൻഐസി രൂപം കൊടുക്കുന്ന ഇതിന്റെ സോഫ്റ്റ്‌വെയർ വികസനവും അപൂർണമാണ്.

ജിഎസ്ടി റിട്ടേണിന്റെ കാര്യവും പാതിവഴിയിലാണ്. ഇപ്പോഴും ജിഎസ്ടിആർ 3 ബിയും ജിഎസ്ടിആർ വണ്ണും മാത്രമേ ഫയൽ ചെയ്യപ്പെടുന്നുള്ളൂ. ആകെ വിൽപനയും നികുതി ശേഖരണവും സംബന്ധിച്ച കണക്കുകളാണു ജിഎസ്ടിആർ ത്രി ബിയിലുള്ളത്. പർച്ചെയ്സ് സംബന്ധിച്ച കണക്കുകൾ  അപ്‌ലോഡ് ചെയ്യുന്നില്ല. അതിനുള്ള സംവിധാനം സങ്കീർണമായി തുടരുന്നു. 

കയറ്റുമതിക്കാർക്കു നികുതി  ഇല്ലെങ്കിലും ആദ്യം ജിഎസ്ടി തുക അടയ്ക്കണം, പിന്നീട് റീഫണ്ട് ലഭിക്കുമെന്നാണ്. എന്നാൽ റീഫണ്ട് കിട്ടുന്നില്ലെന്ന്, അല്ലെങ്കിൽ മാസങ്ങൾ വൈകിയാണു ലഭിക്കുന്നതെന്നു പരാതിയുണ്ട്. 150 കോടിയുടെ ജിഎസ്ടി ഫണ്ട് കെട്ടിക്കിടക്കുന്നുവെന്നു കസ്റ്റംസ് അധികൃതർ തന്നെ വ്യക്തമാക്കിയിരുന്നു. രേഖകളുമായി കസ്റ്റംസ് ആസ്ഥാനത്തു  ബന്ധപ്പെട്ട ഓഫിസറെ കണ്ട് തെറ്റുതിരുത്തിയാൽ റീഫണ്ട് അനുവദിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോഴും 100 കോടിയോളം റീഫണ്ട് വിതരണം ചെയ്യാൻ ബാക്കിയുണ്ട്. 

ചെറുകിട വ്യവസായികളാണു ജിഎസ്ടിയുടെ കുരുക്കിൽപ്പെട്ട് ഏറെ വലയുന്നത്. കയറ്റുമതിക്കാരിൽ റീഫണ്ട് ലഭിക്കേണ്ട ഭൂരിപക്ഷവും ചെറുകിട വ്യവസായികളാണ്. ആഭ്യന്തര ബിസിനസിലും ആദ്യമേ ജിഎസ്ടി അടച്ചാലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാൻ മാസങ്ങളുടെ കാലതാമസം  ഉള്ളതിനാൽ പ്രവർത്തന മൂലധനത്തിനു ഞെരുക്കം നേരിടുകയാണ് എല്ലാവരും. ഇതുമൂലം,  ലാഭം ഇല്ലാതാവുന്നു എന്നു മാത്രമല്ല നികുതി തുക അടയ്ക്കാൻ കടം വാങ്ങേണ്ടിയും വരുന്നു. ഈ പ്രതിസന്ധി ഇന്ത്യയാകെയുണ്ട്. ചെറുകിട വ്യവസായത്തിന്റെ നിരവധി മേഖലകളിൽ  ഡിമാൻഡും ഓർഡറുകളും കുറഞ്ഞിരിക്കുകയാണ്. ഇതിനു പുറമേയാണു സംസ്ഥാന സർക്കാരിനു വിതരണം  ചെയ്തവരുടെ സ്ഥിതി. ബില്ലുകൾ പാസാവാതെ ട്രഷറികളിൽ കെട്ടിക്കിടക്കുന്നു. 10 ലക്ഷം രൂപയിലേറെയുള്ള ബില്ലുകളുടെ തുക ലഭിക്കുന്നില്ല.