ആധാർ ഉപയോഗിക്കാം, നമ്പർ വെളിപ്പെടുത്താതെ

ന്യൂഡൽഹി ∙ ആധാർ നമ്പർ വെളിപ്പെടുത്താതെതന്നെ ആധാർ വെരിഫിക്കേഷൻ നടത്താൻ സൗകര്യമൊരുക്കുന്ന ക്യുആർ കോഡ് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. uidai.gov.in എന്ന ആധാർ വെബ്സൈറ്റിൽ നിന്നോ മൊബൈൽ ആപ്പിൽ നിന്നോ ആധാർ ഉടമകൾക്ക് ക്യുആർ കോഡുള്ള തിരിച്ചറിയൽ രേഖ ഡൗൺലോഡ് ചെയ്യാനാകും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ആധാർ നമ്പർ കറുപ്പിച്ചു കളയാം.

സർക്കാരിന്റേതല്ലാത്ത സേവനങ്ങൾക്ക് (ഓൺലൈൻ ഷോപ്പിങ്ങിന്റെ ഡെലിവറി ഉദാഹരണം) തിരിച്ചറിയൽ രേഖ കാട്ടേണ്ടിവരുമ്പോൾ ഈ പ്രിന്റൗട്ട് മതിയെന്ന് അധികൃതർ പറഞ്ഞു. അതിലെ ക്യുആർ കോഡ് ആധാർ സൈറ്റിലെ ക്യുആർ സ്കാനർവഴി സ്കാൻ ചെയ്യുമ്പോൾ ആധാർ ഉടമയുടെ ഫോട്ടോ, പേര്, വിലാസം, ജനന തീയതി എന്നീ വിവരങ്ങൾ ലഭിക്കും; ആധാർ  നമ്പർ ലഭിക്കില്ല.

വിവരച്ചോർച്ച ഒഴിവാക്കാനുള്ള അധിക സുരക്ഷാ സംവിധാനമായാണ് ഈ പദ്ധതിയെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ: അജയ് ഭൂഷൺ പാണ്ഡേ പറഞ്ഞു. ബാങ്കിങ്, ടെലികോം, സബ്സിഡി തുടങ്ങി നിയമപ്രകാരം ആധാർ നമ്പർ നൽകേണ്ടുന്ന സന്ദർഭങ്ങളിൽ മാത്രം നമ്പർ വെളിപ്പെടുത്തിയാൽ മതിയെന്ന് അദ്ദേഹം പറ​ഞ്ഞു.