പരിഹാരം ജിഎസ്ടി; പുറംതിരിഞ്ഞു സംസ്ഥാനങ്ങൾ

ന്യൂഡൽഹി ∙‍ ഇന്ധനവിലയുടെ കാര്യത്തിൽ ദീർഘകാല പരിഹാരം കാണാൻ കേന്ദ്ര സർക്കാരിനു മുന്നിലുള്ളത് ഒറ്റവഴി– പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടു വരിക. ഇതിനു സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്ന കേന്ദ്ര ആവശ്യത്തോട് നിലവിൽ പ്രതികരിച്ചതു മഹാരാഷ്ട്ര മാത്രം. വരുമാന നഷ്ടം ഭയക്കുന്ന സംസ്ഥാന സർക്കാരുകൾ പുറംതിരിഞ്ഞു നിൽക്കുന്നിടത്തോളം ഇന്ധനവില പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കും. 

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം  കേന്ദ്രസർക്കാരിന് ഒറ്റയ്ക്കു തീരുമാനിക്കാൻ കഴിയില്ലെന്നതാണ് കീറാമുട്ടി. നിയമപ്രകാരം ജിഎസ്ടി കൗൺസിലിനാണ് ഇതിനുള്ള അധികാരം. 

എങ്ങനെ വേണ്ടന്നു വയ്ക്കും? 

ജിഎസ്ടിയുടെ പരമാവധി സ്ലാബായ 28 ശതമാനം ഏർപ്പെടുത്തിയാൽ പോലും അൻപതു രൂപയിൽ താഴെയായിരിക്കും ഇന്ധന വില.  നിലവില്‍, കേന്ദ്ര–സംസ്ഥാന നികുതികൾ ചേരുമ്പോഴാണ് ഇന്ധനവില യഥാര്‍ഥവിലയുടെ ഇരട്ടിയിലേറെയാകുന്നത്. കേന്ദ്രസർക്കാരിന്റെ എക്സൈസ് തീരുവ മാത്രം പെട്രോളിന് 19.48 രൂപയും ഡീസലിനു 15.33 രൂപയുമാണ്. 

ഇതിനു പുറമേ, സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കൂടി ചുമത്തും. 16 മുതൽ  39 ശതമാനം വരെയാണ് വിവിധ സംസ്ഥാനങ്ങള്‍ ഈ ഇനത്തിൽ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളുണ്ട്. ഈ വരുമാനം നഷ്ടപ്പെടാൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നതു തന്നെയാണ് ജിഎസ്ടി വിഷയത്തിൽ കേന്ദ്രത്തിനു മുന്നിലെ കീറാമുട്ടി. 

ഇതല്ലെങ്കിൽ, കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനങ്ങൾക്കു ഏകീകൃത നികുതി എന്ന നിബന്ധന കൂടി വേണം. അതും ചെറിയ തുകയായി നിജപ്പെടുത്തിയില്ലെങ്കിൽ ഫലമില്ല.