ഒപെക് സമ്മേളനം നിർണായകം; ആശങ്ക അറിയിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി ∙ സ്വന്തം നികുതി വരുമാനത്തിൽ തൊടില്ലെന്ന് ഉറപ്പിച്ച  കേന്ദ്രം, രാജ്യത്തിന്റെ ആശങ്ക എണ്ണ കയറ്റുമതി രാജ്യങ്ങളെ അറിയിക്കുമെന്നു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നാളെയും മറ്റന്നാളുമായി വിയന്നയിൽ  ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) തലവനെയും അംഗരാജ്യങ്ങളിലെ മന്ത്രിമാരെയും കാണും. ഇന്ധനവിലയ്ക്ക് ഉടൻ ശാശ്വത പരിഹാരമെന്ന് അമിത് ഷാ അടക്കം പ്രഖ്യാപിച്ച് ഒരുമാസം പിന്നിടുമ്പോഴാണ്, എക്സൈസ് തീരുവയിൽ കുറവു വരുത്തുന്നതടക്കമുള്ള വീട്ടുവീഴ്ചകൾക്കു തയാറാവില്ലെന്നു കേന്ദ്രം വ്യക്തമാക്കുന്നത്.

2014നു ശേഷം ഏറ്റവും ഉയർന്ന ക്രൂഡ് ഓയിൽ വില നിലനിൽക്കെ നടക്കുന്ന ഒപെക് യോഗം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഏറെ പ്രധാനമാണ്. വില കുറയ്ക്കുന്നതിൽ ഒപെക്കിന്റെ ഇടപെടൽ വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. ക്രൂഡ് ഓയിൽ വില ന്യായമാക്കാൻ ഒപെക് രാജ്യങ്ങൾ മുൻകയ്യെടുക്കണം- പെട്രോളിയം മന്ത്രാലയം വ്യ‌ക്തമാക്കുന്നു. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിൽ 83 ശതമാനവും ഒപെക് രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. 

തീരുവ കുറയ്ക്കില്ല: അരുൺ ജെയ്റ്റ്ലി

ന്യൂഡൽഹി∙ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് തിരിച്ചടിയാകും. ജനങ്ങള്‍ സത്യസന്ധതയോടെ നികുതി നല്‍കി സർക്കാരിന്റെ വരുമാനമുയർത്തിയാല്‍ മാത്രമേ എണ്ണ മുഖ്യമായ വരുമാന സ്രോതസ്സാകുന്ന സ്ഥിതി ഒഴിവാക്കാനാകൂ– മന്ത്രി ചൂണ്ടിക്കാട്ടി. 

ഇന്ധന വില അങ്ങനെ തന്നെ !

ഇന്ധന വിലയിൽ മൂന്നുദിവസമായി അനക്കമില്ല. നാലു രൂപ വരെ കുതിച്ചുകയറിയ വില ജൂൺ 15 വരെ നേരിയ തോതിൽ താഴ്ന്നിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുദിവസമായി ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 78.07 രൂപയും ഡീസലിന് 71.19 രൂപയുമാണ് ഇന്നലത്തെ വില. ഡൽഹിയിൽ പെട്രോളിന് 76.35 രൂപയും ഡീസലിന് 67.78 രൂപയും മുംബൈയിൽ പെട്രോളിന് 84.18 രൂപയും ഡീസലിന് 72.13 രൂപയുമാണു വില. കേന്ദ്രസർക്കാർ ഈടാക്കുന്ന എക്സൈസ് തീരുവയിൽ  കുറവു വരുത്താത്തത് ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു. പെട്രോളിന് 19.48 രൂപയും ഡീസലിനു 15.33 രൂപയുമാണ് കേന്ദ്ര നികുതി. ഇതിനു പുറമെ, സംസ്ഥാനങ്ങളിലെ മൂല്യവർധിത നികുതി കൂടി ചേരുന്നതാണ് ഇന്ധന വില ഉയരാൻ കാരണം.