യൂറോപ്പിന് വളർച്ച കുറയും

ബ്രസൽസ് ∙ പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക വളർച്ചയേ യൂറോപ്പ് ഇക്കൊല്ലം നേടൂ എന്ന് യൂറോപ്യൻ കമ്മിഷൻ. യുഎസുമായുള്ള വ്യാപാര യുദ്ധവും ഉയരുന്ന എണ്ണവിലയും 28 അംഗരാജ്യങ്ങളുടെയും വളർച്ചയെ ബാധിക്കുമെങ്കിലും ഇറ്റലിയായിരിക്കും ഏറ്റവുമധികം തിരിച്ചടി നേരിടുക. യൂറോ കറൻസിയായുള്ള 19–രാജ്യ യൂറോ മേഖല മൊത്തത്തിൽ ഇക്കൊല്ലം 2.1% സാമ്പത്തിക വളർച്ച (ജിഡിപി വളർച്ച) നേടുമെന്നാണു യൂറോപ്യൻ കമ്മിഷന്റെ നിഗമനം. 2.3% വളർച്ചയാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. 2019ൽ വളർച്ച 2% ആയി കുറയും.

യൂറോ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജർമനി, ഫ്രാൻസ് എന്നിവയുടേതടക്കം വളർച്ചനിരക്ക് കുറയും. 2.3% വളർച്ച പ്രതീക്ഷിച്ച ജർമനിക്ക് ഇക്കൊല്ലം 1.9%, 2.2% പ്രതീക്ഷിച്ച ഫ്രാൻസിന് 1.7% എന്നിങ്ങനെയാണ് ഇക്കൊല്ലം നേടാനാവുക. 

ഇറ്റലി ഇക്കൊല്ലം 1.3%, അടുത്ത വർഷം 1.1% എന്നിങ്ങനെയേ വളരൂ. രണ്ടു വർഷവും 1.5% വളർച്ച നേടാമെന്നായിരുന്നു ഇതുവരെ അനുമാനിച്ചിരുന്നത്. യൂറോ കറൻസി മേഖലയിൽ അല്ലെങ്കിലും യൂറോപ്യൻ യൂണിയനിൽ അംഗമായ ബ്രിട്ടന് ഇക്കൊല്ലം ഇറ്റലിയോളം വളർച്ചയേ നേടാനാകൂ. അടുത്ത വർഷം യൂണിയനിൽ നിന്നു പുറത്തു പോകുന്നതോടെ (ബ്രെക്സിറ്റ്) വളർച്ചനിരക്ക് 1.2% ആയി താഴും.