ഇറാൻ എണ്ണ: പണം രൂപയിൽ നൽകാൻ നീക്കം

ന്യൂഡൽഹി ∙ ഇറാനിൽനിന്നു വാങ്ങുന്ന എണ്ണയുടെ വില രൂപയിൽ നൽകാൻ ഇന്ത്യ തീരുമാനിച്ചേക്കും. യുഎസിന്റെ ഉപരോധം മറികടക്കാനാണിത്. നവംബർ നാലു മുതൽ ഇറാനു പണം നൽകാനുള്ള രാജ്യാന്തര ബാങ്കിങ് വഴികളൊക്കെ അടയ്ക്കുമെന്നാണു യുഎസിന്റെ ഭീഷണി.

നിലവിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ ഇറാനു പണം നൽകുന്നത് യൂറോപ്യൻ ബാങ്കിങ് ശൃംഖല വഴി യൂറോയിലാണ്. നവംബർ നാലു മുതൽ ഇതു നടക്കാതെ വരും. യുഎസിന്റെ ബാങ്കിങ് സംവിധാനവുമായി ഒരു ബന്ധവുമില്ലാത്ത യൂക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ വഴി ഇറാനിലേക്ക് രൂപയിൽ പണം നൽകാനാവുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുൻപ് ഉപരോധമുണ്ടായിരുന്നപ്പോൾ ഇതാണു ചെയ്തിരുന്നത്.

ഈ മാസത്തേക്കും അടുത്ത മാസത്തേക്കും ഇറാനിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഓർഡർ നൽകിയിട്ടുണ്ട്. എന്നാൽ റിലയൻസ് ഇൻഡസ്ട്രീസ് ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതു നിർത്തി. മറ്റുള്ളവർ അളവു കുറച്ചിട്ടുമുണ്ട്. ഇക്കൊല്ലം രണ്ടരക്കോടി ടൺ എണ്ണ വാങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും അത്രയൊന്നും വാങ്ങില്ല.