കൊച്ചിയിൽ വിദേശ കപ്പലുകൾക്ക് ഇന്ധന നികുതി ഒഴിവാക്കാൻ ശ്രമം

കൊച്ചി ∙ വിദേശ കപ്പലുകൾക്ക് ഇന്ധന നികുതിയിൽ പൂർണ ഇളവു നൽകാൻ കൊച്ചി പോർട് ട്രസ്റ്റ് ആലോചിക്കുന്നു. കപ്പലുകൾക്ക് ഇന്ധനം ലഭ്യമാക്കുന്ന (ബങ്കറിങ്) ബിസിനസിലെ തളർച്ച മറികടക്കാനാണു ശ്രമം. കഴിഞ്ഞ വർഷം ജൂലൈയിൽ ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്നു നികുതി കുത്തനെ ഉയർന്നതാണു ബങ്കറിങ് ബിസിനസ് വൻ തിരിച്ചടിയായത്. ഒക്ടോബറിൽ ജിഎസ്ടി കുറച്ചുവെങ്കിലും ബിസിനസ് പഴയ നിലയിൽ എത്തിയിട്ടില്ല. 

0.5% മൂല്യവർധിത നികുതി (വാറ്റ്) മാത്രമുണ്ടായിരുന്ന കാലത്തു പ്രതിമാസം ശരാശരി 25 കപ്പലുകൾ കൊച്ചിയിൽനിന്ന് ഇന്ധനം നിറയ്ക്കുമായിരുന്നു. 18% ജിഎസ്ടി വന്നതോടെ കൊച്ചിയിലെ ബങ്കറിങ് വിദേശ കപ്പലുകൾക്ക് അനാകർഷകമായി. പോർട് ട്രസ്റ്റ് കേന്ദ്ര സർക്കാരിനെയും ജിഎസ്ടി കൗൺസിലിനെയും സമീപിച്ചതോടെ ജിഎസ്ടി 5 ശതമാനമാക്കി കുറച്ചുവെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. കൊച്ചിയുടെ തളർച്ച മേഖലയിലെ മറ്റൊരു ബങ്കറിങ് കേന്ദ്രമായ കൊളംബോ തുറമുഖത്തിനു നേട്ടമായി.

നികുതി രഹിത ബങ്കറിങ് നടപ്പാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അനുമതി നേടാനുള്ള ശ്രമത്തിലാണു പോർട് ട്രസ്റ്റെന്നു ചെയർമാൻ ഇൻ ചാർജ് എ.വി. രമണ മനോരമയോടു പറഞ്ഞു. ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ എന്നിവയാണു കൊച്ചി തുറമുഖത്തു ബങ്കറിങ് സൗകര്യം ലഭ്യമാക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള ഇന്ധനം, 24 മണിക്കൂർ ലഭ്യത എന്നിവയാണു കൊച്ചിയുടെ വാഗ്ദാനം.