എണ്ണവില കുറയ്ക്കണം: ഒപെക്കിന് താക്കീതുമായി വീണ്ടും ട്രംപ്

ദോഹ ∙ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണവില കുറയ്ക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും. യുഎസാണു മധ്യപൗരസ്ത്യ രാജ്യങ്ങളെ സംരക്ഷിക്കുന്നത്. യുഎസ് ഇല്ലാതെ അവർക്ക് ഏറെക്കാലം സുരക്ഷിതരായി ഇരിക്കാൻ കഴിയില്ല. എന്നിട്ടും, എണ്ണവില ഇനിയും ഉയർത്താനാണ് അവർ ശ്രമിക്കുന്നത്. എണ്ണ കുത്തകയായ ഒപെക് ഉടൻ വില കുറയ്ക്കണം – താക്കീതിന്റെ സ്വരത്തിൽ ട്രംപ് ട്വീറ്റ് ചെയ്തു. 

23ന് അൽജീറിയയിൽ നടക്കാനിരിക്കുന്ന ഒപെക് യോഗത്തിനു മുന്നോടിയായാണു ട്രംപ് ഒപെകിനെതിരെ ട്വീറ്റ് ചെയ്തത്. ട്വീറ്റിനു പിന്നാലെ എണ്ണവില അൽപം താഴ്ന്നു. ബാരലിന് 79.81 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില പിന്നീട് 79 ഡോളറിലേക്കാണു താഴ്ന്നത്. നേരത്തേയും എണ്ണവില വർധിപ്പിക്കാൻ ഒപെക് ശ്രമിക്കുകയാണെന്നു ട്രംപ് ആരോപിച്ചിരുന്നു. 

 ഉപരോധം മൂലം ഇറാനിലെ എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവു നികത്താൻ സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾ തയാറായേക്കില്ലെന്ന സൂചനകൾക്കിടെയാണു ട്രംപ് ഒപെകിനെതിരെ വീണ്ടും രംഗത്തെത്തിയത്. ഉൽപാദനം വർധിപ്പിക്കണമെന്നു സൗദിയോടും റഷ്യയോടും യുഎസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

ഇപ്പോഴത്തെ നിലയിൽ നിന്ന് എണ്ണവില താഴുന്നതിനോടു സൗദിയും മറ്റ് ഒപെക് രാജ്യങ്ങളും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. ഉൽപാദനം വർധിപ്പിക്കണോയെന്ന കാര്യം 23നു ചേരുന്ന ഒപെക് യോഗം തീരുമാനിക്കും. ഒപെക് ഇതര രാജ്യങ്ങളെ പ്രതിനിധീകരിച്ചു റഷ്യയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.