യുഎസ്–കാനഡ–മെക്സിക്കോ; ‌വരുന്നൂ, പുതിയ വ്യാപാര കരാർ

വാഷിങ്ടൻ ∙ വ്യാപാര രംഗത്തു പുതിയ വിപ്ലവത്തിനു വഴിതുറന്ന് യുഎസ്, കാനഡ, മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ. 25 വർഷം പഴക്കമുള്ള നോർത്ത് അമേരിക്കൻ ഫ്രീ‌ ട്രേഡ് എഗ്രിമെന്റ് (NAFTA) ഇതോടെ ഇല്ലാതാകും. പകരം യുണൈറ്റഡ് സ്റ്റേറ്റ്സ് – മെക്സിക്കോ – കാനഡ കരാർ (USMCA) നിലവിൽ വരും. 

ഈ മേഖലയിൽ സാമ്പത്തിക വളർച്ചയ്ക്കും നീതിയുക്തമായ വ്യാപാരത്തിനും സ്വതന്ത്ര വ്യാപാരത്തിനും ഇതു വഴിയൊരുക്കുമെന്നു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. നവംബറിൽ കരാറിൽ യുഎസ് ഒപ്പുവയ്ക്കും. ഒരു വർഷമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഞായറാഴ്ച കരാറിൽ ഏർപ്പെട്ടത്. 50 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. മൂന്നു രാജ്യങ്ങളിലായി 1 ലക്ഷം കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നതായും കണക്കാക്കുന്നു. 

1994ൽ ആണ് NAFTA  കരാർ നിലവിൽ വന്നത്. ഇതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശനം ഉയർത്തിയിരുന്നു. യുഎസിന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കരാറിൽ ഏർപ്പെടാൻ കാനഡ, മെക്സിക്കോ രാജ്യങ്ങളുടെ മേൽ സമ്മർദം ചെലുത്താനും യുഎസിനു കഴിഞ്ഞു. 

യുഎസിന് നേട്ടം

NAFTA പൊളിച്ചെഴുതുന്നതു വഴി യുഎസിന്റെ വ്യാപാര കമ്മി കുറച്ചുകൊണ്ടുവരികയെന്നതാണു ട്രംപിന്റെ ലക്ഷ്യം. പുതിയ നികുതി USMCA ഇല്ലാതാക്കുമെങ്കിലും ആഗോള വാഹന നിർമാതാക്കൾക്കു മെക്സിക്കോയിൽ കുറഞ്ഞ ചെലവിൽ നിർമാണം നടത്താൻ കഴിയില്ല.

 കൂടുതൽ തൊഴിൽ അവസരങ്ങൾ യുഎസിലേക്കു വരും. കാനഡയും മെക്സിക്കോയും വലിയ ഇളവുകളാണു കരാറിന്റെ ഭാഗമായി നൽകുന്നത്. 

ക്ഷീരമേഖല

കാനഡയുടെ ആഭ്യന്തര ഡെയറി വിപണിയുടെ 3.5% യുഎസ് ക്ഷീരകർഷകർക്കു സ്വന്തമാകും. 1600 കോടി ഡോളറിന്റെ ബിസിനസാണു കാനഡയുടേത്. ഇരുരാജ്യങ്ങളിൽ നിന്നു യുഎസിലേക്കുള്ള വാഹന കയറ്റുമതിക്കും ക്വോട്ട ഏർപ്പെടുത്തും. എന്നാൽ കാനഡയിൽ നിന്നുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് യുഎസ് ചുമത്തുന്ന തീരുവയെ സംബന്ധിച്ചു തീരുമാനമായിട്ടില്ല.

കറൻസിക്കു നേട്ടം

കനേഡിയൻ ഡോളർ അഞ്ചു മാസത്തെ ഉയർന്ന തലത്തിൽ എത്തി. ഡോളറുമായുള്ള വിനിമയത്തിൽ മെക്സിക്കൻ പെസോ 0.8% ഉയർച്ച നേടി. യുഎസ് ഓഹരി വിപണിയും നേട്ടത്തിലാണ്.