വഴിയേ‍ാര പരിശേ‍ാധനയ്ക്കു കേന്ദ്ര ജിഎസ്ടി സ്ക്വാഡ്

പാലക്കാട്∙ ഇ വേ ബില്ലിലെ സാങ്കേതിക പഴുതുകൾ മുതലെടുത്തു ചരക്ക് സേവന നികുതിയിൽ(ജിഎസ്ടി) ക്രമക്കേടു നടത്തുന്നവരെ പിടികൂടാൻ ആധുനിക സംവിധാനവുമായി കേന്ദ്ര ജിഎസ്ടി വകുപ്പ് സ്ക്വാഡുകളും. ജിഎസ്ടി നടപ്പാക്കി ഒരുവർഷം കഴിഞ്ഞിട്ടും ലക്ഷ്യമിട്ട വരുമാനം ലഭിക്കാത്തതിനെത്തുടർന്നാണ് നടപടി. പ്രധാന പാതകളിൽ ബിൽ പരിശേ‍ാധിക്കാൻ ഒ‍ാൺലൈ‍ൻ സംവിധാനവുമായി സ്ക്വാ‍ഡുകളെ നിയമിക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.

ചരക്കു കടത്തിനുള്ള പ്രധാന രേഖയായ ഇ വേ ബില്ലിന്റെ മറവിൽ നികുതി വെട്ടിപ്പു നടക്കുന്നതായി കേരളം സൂചന നൽകിയെങ്കിലും കേന്ദ്രം അവഗണിച്ചതിനെത്തുടർന്നു സംസ്ഥാനം സ്വന്തമായി സ്ക്വാഡുകളെ നിയമിച്ചിരുന്നു. ഇപ്പോൾ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചു സൂപ്രണ്ടും ഇൻസ്പെക്ടറും ഉൾപ്പെട്ട സ്ക്വാഡുകളെ നിയമിക്കാനാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് നടപടി ആരംഭിച്ചത്. ചരക്കു കയറ്റുന്ന സ്ഥലത്തെ റജിസ്ട്രേഷൻ നടപടി വാഹനത്തിലുള്ള ഇ വേ ബില്ലുമായി ഒത്തുനേ‍ാക്കാനുള്ള സംവിധാനം സ്ക്വാഡിനുണ്ടാകും.

ഇതിനിടെ കേന്ദ്രം ഇ വേ ബിൽ‍ നടപടി കൂടുതൽ ലളിതമാക്കി. 10 കേ‍ാടി രൂപയിൽ കൂടുതലാണ് ബിൽ തുകയെങ്കിൽ ബിൽ തയാറാക്കുന്ന വ്യക്തിക്ക് തുക സംബന്ധിച്ച് അപ്പേ‍ാൾതന്നെ എസ്എംഎസ് സന്ദേശം ലഭ്യമാക്കും. 

ബില്ലിലെ മറ്റു മാറ്റങ്ങൾ

∙ ബില്ലിൽ ഇനി ഇടപാടു സംബന്ധിച്ച വിവരം മാത്രം മതി. 

∙ ചരക്ക് എടുക്കുന്ന, എത്തിക്കുന്ന സ്ഥലത്തിന്റെ പിൻകേ‍ാഡ് നൽകിയാൽ സംസ്ഥാനം, ജില്ല, ലക്ഷ്യസ്ഥാനം എന്നിവയുൾപ്പെടെ മുഴുവൻ വിവരവും ലഭിക്കും.

∙ ചരക്കു വിവരങ്ങൾ എച്ച്എസ്എൻ കേ‍ാഡ് ഉപയേ‍ാഗിച്ച് ബില്ലിൽ ചേർക്കുമ്പേ‍ാൾ അതിലെ കേന്ദ്ര, സംസ്ഥാന വിഹിതം, സെസ് എന്നിവ ഒരേ‍ാന്നും കൃത്യമായി കാണിക്കും.

∙ ചരക്കിനു നികുതി ഇളവ്, ഇതര ആനുകൂല്യങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ടേ‍ാ എന്നും രേഖപ്പെടുത്താം.