സുസ്ഥിര ടൂറിസത്തിലേക്ക്

ഇടുക്കിയിൽ ഉരുൾപൊട്ടലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ശേഷിപ്പുകൾ മാഞ്ഞുപോയിട്ടില്ല. പക്ഷേ മലനാട് ഉണർവോടെ സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്രളയത്തോടെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ 80% ബുക്കിങ്ങുകളും റദ്ദായിരുന്നു. നഷ്ടം തിരിച്ചു പിടിക്കാൻ ആവില്ലെങ്കിലും ഉണർവിന്റെ ചലനങ്ങളാണ് ഇടുക്കിയിൽ.  ടൂറിസം കേന്ദ്രങ്ങൾക്കും റിസോർട്ടുകളിൽ ഭൂരിഭാഗത്തിനും കേടുപാടുകളില്ല എന്നതാണ് ഇടുക്കിക്കും മലയോര മേഖലയ്ക്കും ടൂറിസം തിരിച്ചുപിടിക്കാൻ കരുത്തു പകരുന്നത്. റോഡുകളും പാലങ്ങളും പഴയ നിലവാരത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതം.

സുസ്‌ഥിര ടൂറിസം പദ്ധതികളിലൂടെ മികച്ച റോൾ മോഡൽ ആകുക എന്നതാണ് കേരള ടൂറിസത്തിന് ഇനി ചെയ്യാനുള്ളത്. അതുതന്നെയാണ് പ്രളയാനന്തര നാളുകളിൽ ഇടുക്കി ലക്ഷ്യമിട്ടതും തുടക്കമിട്ടിരിക്കുന്നതും. മികച്ച ആസൂത്രണത്തോടെയുള്ള നിർമാണങ്ങൾ, പരിസ്‌ഥിതി സൗഹൃദ പദ്ധതികൾ, കൂടുതൽ ഈടു നിൽക്കുന്ന റോഡുകൾ തുടങ്ങിയ അടിസ്‌ഥാന സൗകര്യ വികസനത്തിലാണു ശ്രദ്ധ. ഗ്രാമീണ, കാർഷിക, സാമൂഹിക ടൂറിസവും ബിനാലെയും ഒരുമിക്കുന്ന ടൂറിസം മാസങ്ങളാണു വരുന്നത്. ബിനാലെ തീരത്തുനിന്നു മലയോരങ്ങളിലെ കാർഷിക, ഗ്രാമീണ ടൂറിസത്തിലേക്കു വിജയത്തിന്റെ കൈ കോർക്കാനാവുമെന്നു തെളിയിക്കാനുള്ള അവസരമാണിത്.

കാർഷിക, ഗ്രാമീണ, സാമൂഹിക ടൂറിസത്തിന്റെ വിജയം പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണു ശ്രമിക്കേണ്ടതെന്നു വണ്ടൻമേടിലെ പ്ലാന്റേഷൻ റിസോർട്ടായ കർമീലിയ ഹാവൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്കറിയ ജോസ് പറയുന്നു.  ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഗ്രാമീണ ജീവിതത്തിന്റെ തനിമയും ആസ്വാദ്യതയും അനുഭവിക്കാനായി സഞ്ചാരികളെ ക്ഷണിക്കാനാണ് ഇടുക്കിയിലെ സംരംഭകർ ഉദ്ദേശിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ദൈനംദിന ജീവിതം അടുത്തറിയാൻ അവസരം ഒരുക്കൽ, തനതായ ഗ്രാമീണ ഭക്ഷണം, പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തൽ തുടങ്ങി വൈവിധ്യമാർന്ന പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നു.

കാൽവരി മൗണ്ട് ട്രെക്കിങ്, അഞ്ചുരുളി, അയ്യപ്പൻകോവിൽ യാത്ര, ഏലം, തേയിലത്തോട്ടം സന്ദർശനം, കോഴിമലയിലെ ആദിവാസി ഊരുകളിലെ ജീവിതം അടുത്തറിയാൻ അവസരം തുടങ്ങിയവ സഞ്ചാരികളെ ആകർഷിക്കുമെന്നും സ്കറിയ പറയുന്നു. ഇതിനെല്ലാം തുണയായി അടിസ്‌ഥാന സൗകര്യങ്ങൾ കൂടുതൽ ഉണ്ടാവണം. സമൂഹ മാധ്യമങ്ങളിലൂടെ അതിശക്തമായ പ്രചാരണവും നടത്തേണ്ടതുണ്ട്.  ഫാം ടൂറിസത്തിലൂടെ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും ഇടുക്കിയിലെ ടൂറിസം സംരംഭകർ ആരംഭിച്ചിട്ടുണ്ടെന്ന് തേക്കടി ഡെസ്റ്റിനേഷൻ പ്രമോഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജിജു ജെയിംസ് പറഞ്ഞു. തേക്കടിയിൽ മാത്രമാണിപ്പോൾ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനം ഉള്ളത്. വൈകാതെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.

ഏബ്രഹാം ജോർജ്, കേന്ദ്ര ടൂറിസം ഉപദേശക സമിതി അംഗം.

ഡിസംബർ, ജനുവരി എന്നിവ ടൂറിസം കരകയറുന്ന മാസങ്ങളാണ്. രാജ്യാന്തര ഏകദിന ക്രിക്കറ്റ് വന്നതും ആലപ്പുഴയിലെ 200 വഞ്ചിവീടുകളുടെ റാലിയും ആഭ്യന്തര സഞ്ചാരികളുടെ മനസ്സിൽ കേരളത്തോടുണ്ടായിരുന്ന കറ മാറ്റാൻ സഹായകമായി. വിരാട് കോഹ്‌ലിയുടെ ട്വീറ്റ് കേരള ടൂറിസത്തിനു പകരുന്ന പ്രോൽസാഹനം ചില്ലറയല്ല.