യുഎസ് നിലപാടിൽ അയവ്: എണ്ണ വില കുറഞ്ഞു

ദോഹ ∙ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതു തുടരാൻ ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങൾക്ക് യുഎസ് അനുമതി നൽകിയ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു. ഇന്നലെ ബ്രെന്റ് ക്രൂഡ് വില 71.33 ഡോളറിലേക്കാണു താഴ്ന്നത്. വിപണിയിലെ ആവശ്യം കുറഞ്ഞതും വില കുറയാൻ കാരണമായി.

ഇറാനെതിരെയുള്ള യുഎസ് ഉപരോധം പൂർണമായി നിലവിൽ വന്നതോടെ എണ്ണവില ഉയരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, തായ്‍‌വാൻ, തുർക്കി എന്നീ രാജ്യങ്ങൾക്ക് 180 ദിവസത്തേക്കു കൂടി എണ്ണ ഇറക്കുമതി തുടരാൻ യുഎസ് അനുമതി നൽകി. ഇറാനിൽ നിന്നുള്ള എണ്ണയുടെ മുക്കാൽ പങ്കും വാങ്ങുന്നത് ഈ രാജ്യങ്ങളാണ്.

ഇതിനകം 20 രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതു നിർത്തി. ഇതുമൂലം ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ നവംബറിൽ പ്രതിദിനം 10 ലക്ഷം ബാരലിനു മുകളിൽ കുറവു വന്നു. അതേ സമയം, റഷ്യ, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിൽ വർധനയുണ്ടായിട്ടുണ്ട്.