ആയുഷിന്റെ ഉത്തരവിന് കേരളത്തിൽ ‘പുല്ലു’വില

കൊച്ചി ∙ പേറ്റന്റുള്ള ആയുർവേദ ഉൽപന്നങ്ങളുടെ നിർമാണവും വിപണനവും സംബന്ധിച്ചു കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവു മാനിക്കാൻ കേരളം മാത്രം തയാറാകുന്നില്ല. തന്മൂലം ഈ വിഭാഗത്തിൽപ്പെട്ട അനേകം ഉൽപന്നങ്ങൾക്കു ലൈസൻസ് നേടാൻ നിർമാതാക്കൾക്കു മറ്റു സംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. നിർമാണം തന്നെ അന്യ സംസ്‌ഥാനങ്ങളിലേക്കു മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരാകുന്നുമുണ്ട്.

അഷ്‌ടാംഗ ഹൃദയം, സഹസ്ര യോഗം തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത ഔഷധക്കൂട്ടുകളെ അടിസ്‌ഥാനമാക്കിയുള്ള ഉൽപന്നങ്ങളുടെ വിപണനത്തിനു മുന്നോടിയായി നിർമാതാക്കൾ വിപുലമായ ‘ക്ലിനിക്കൽ സ്‌റ്റഡി’ നടത്തണമെന്നാണു സംസ്‌ഥാന സർക്കാരിന്റെ നിയമം. എന്നാൽ ക്ലിനിക്കൽ സ്‌റ്റഡിക്കു പകരം അംഗീകൃത സ്‌ഥാപനങ്ങളിൽ ‘പൈലറ്റ് സ്‌റ്റഡി’ നടത്തിയാൽ മതിയെന്നു വ്യക്‌തമാക്കുന്ന ഉത്തരവ് ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇതു സംസ്‌ഥാനത്തെ ലൈസൻസിങ് അധികൃതർക്കും ഡ്രഗ്‌സ് കൺട്രോളർക്കും അയച്ചു കൊടുത്തിട്ടുള്ളതുമാണ്. എന്നാൽ ഇതിന് അനുസൃതമായി സംസ്‌ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിക്കാത്തതിനാലാണു നിർമാതാക്കൾക്കു ലൈസൻസിനായി മറ്റു സംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.

അനുകൂല ഉത്തരവുണ്ടാകാത്തതിനാൽ കേരളത്തിൽ നിർമിക്കുന്ന ‘പേറ്റന്റ് ആൻഡ് പ്രൊപ്രൈറ്ററി’ വിഭാഗത്തിൽപ്പെടുന്ന ഉൽപന്നങ്ങൾക്ക് അഞ്ചു വർഷമായി ലൈസൻസ് ലഭിക്കുന്നില്ല. അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് അനുമതി സമ്പാദിച്ചു കേരളത്തിൽ വിപണനം നടത്താൻ തടസ്സമില്ലാത്തതിനാൽ പല നിർമാതാക്കളും കേരളം വിടുകയാണ്. അതിനു ശേഷിയില്ലാത്ത നിർമാതാക്കളാകട്ടെ കഷ്‌ടത്തിലാകുന്നു. 

ക്ലിനിക്കൽ സ്‌റ്റഡി വേണമെന്ന സംസ്‌ഥാന നിയമം പ്രായോഗികമല്ലെന്നു നിർമാതാക്കൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. എഴുന്നൂറിലേറെ നിർമാണ യൂണിറ്റുകളുള്ള സംസ്‌ഥാനത്തു മൂന്നു കേന്ദ്രങ്ങളിൽ മാത്രമാണു ക്ലിനിക്കൽ സ്‌റ്റഡി നടത്താൻ അനുമതി. 

നിർമാണം നിലയ്‌ക്കുകയോ അന്യ സംസ്‌ഥാനങ്ങളിലേക്കു മാറ്റുകയോ ചെയ്യുന്നതു സർക്കാരിനു വരുമാന നഷ്‌ടമുണ്ടാക്കും. ആയുർവേദ വ്യവസായത്തിലെ തൊഴിലവസരങ്ങളെയും ഇതു ബാധിക്കുമെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ഡി. രാമനാഥൻ പറയുന്നു.