എണ്ണവിലയിൽ ഇടിവ്: 70 ഡോളറിൽ താഴെ

ദോഹ ∙ ഏപ്രിലിനു ശേഷം ആദ്യമായി രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 70 ഡോളറിനു താഴെയെത്തി. ബ്രെന്റ് ക്രൂഡിന് 69.54 ഡോളറായിരുന്നു ഇന്നലത്തെ വില. ഒക്ടോബറിലെ ഉയർന്ന വിലയിൽ നിന്ന് 18% ഇടിവ്. കുറഞ്ഞ സാമ്പത്തിക വളർച്ചയും വ്യാപാര തർക്കവും മൂലം എണ്ണയാവശ്യത്തിൽ വന്ന കുറവാണു വിലയിടിവിനു കാരണമായത്. ഇറാനെതിരെ യുഎസ് ഉപരോധമേർപ്പെടുത്തുമ്പോൾ എണ്ണ ലഭ്യത കുറയുമെന്ന ആശങ്കയാണ് ഒക്ടോബറിൽ എണ്ണവില വർധിക്കാൻ കാരണമായത്.  

പെട്രോൾ 80 രൂപയ്ക്കു താഴെ

കൊച്ചി∙ നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 80 രൂപയ്ക്കു താഴെയെത്തി. തുടർച്ചയായ 25–ാം ദിവസമാണു വില കുറയുന്നത്. 79. 89 രൂപയാണു നഗരത്തിലെ  ഇന്നത്തെ വില. ഡീസൽ വില 76. 55 രൂപയിലുമെത്തി. പെട്രോളിനും ഡീസലിനും  17 പൈസയാണ് ഇന്ന് കുറഞ്ഞത്. അതേസമയം തിരുവനന്തപുരം നഗരത്തിൽ വില 81 നു മുകളിലാണ്.

രൂപയ്ക്ക് നേട്ടം 

മുംബൈ ∙ എണ്ണവിലയിടിവും കയറ്റുമതിക്കാർ ഡോളർ വിറ്റഴിച്ചതും രൂപയ്ക്കു നേട്ടമായി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 50 പൈസ മെച്ചപ്പെട്ട് 72.50ൽ എത്തി.