പ്രവർത്തന ലാഭമുണ്ടായിട്ടും നഷ്ടക്കണക്കുമായി എസ്ബിഐ

ന്യൂഡൽഹി ∙ മികച്ച പ്രവർത്തനലാഭമുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വൻ നഷ്ടത്തിലാ‌യതു ‘പ്രൊവിഷൻസ് ആൻഡ് കണ്ടിൻജൻസി’ ഇനത്തിൽ തുക വകമാറ്റിയതു വഴി. ഇതിനായി 66,058 കോടി രൂപയാണു നീക്കിവച്ചതെന്നു ബാങ്കിങ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഇതോടെ, 2017–18ൽ ബാ‌ങ്ക് 6,547 കോടി രൂപ നഷ്ടം രേഖപ്പെടുത്തി.

59,000 കോടിയോളം രൂപ ലാഭമുണ്ടാകേണ്ട ബാങ്ക് നഷ്ട‌ത്തിലായതു മുൻ വർഷങ്ങളിലെ കിട്ടാക്കടത്തിന്റെ പേരിലാകാമെ‌ന്നാണു സൂചന. എ‌ന്നാൽ, ‘പ്രൊവിഷൻസ് ആൻഡ് കണ്ടിൻജൻസി’ എന്താണെന്നു ബാങ്ക് രേഖകളിൽ വ്യക്തമല്ല. വ്യക്തിഗത ബാങ്കുകളുടെ കിട്ടാക്കട‌ വിശദാംശങ്ങൾ അതതു ബാങ്കുകളോ റിസർവ് ബാങ്കോ പരസ്യപ്പെടുത്തിയിട്ടുമില്ല.

139 പേർ; കിട്ടാക്കടം 5.44 ലക്ഷം കോടി

മതിയായ ഈടില്ലാതെ വൻകിടക്കാർക്കു വായ്പ നൽകിയതു തിരിച്ചുപിടിക്കാനാവാതെ കുഴങ്ങുകയാണു ബാങ്കിങ് മേഖല. റിസർവ് ബാ‌ങ്കും സർക്കാരും തമ്മിൽ അടുത്ത കാലത്ത് ഇടഞ്ഞതിനു കാരണ‌ങ്ങളിലൊന്നും കുമിഞ്ഞുകൂടുന്ന കിട്ടാക്കടമാണ്.

139 വ്യക്തികളിൽ നിന്നു രാജ്യത്തെ വിവിധ ബാങ്കുകൾക്കു കിട്ടാനുള്ളത് 5.44 ലക്ഷം കോടി രൂപ. 1,000 മുതൽ 2,000 കോടി രൂപ വരെ കടം വാങ്ങി തിരിച്ചടവു മുടക്കിയവർ 64. 2,000 കോടി രൂപ മുതൽ 3,000 കോടി രൂപ വരെ കടം വാ‌ങ്ങി മുങ്ങിയവർ 26. 3,000 കോടി രൂപയിലേറെ വായ്പ വാങ്ങി തി‌രിച്ചടയ്ക്കാത്തവരുടെ എണ്ണം 49 – റിസർവ് ബാങ്ക് രേഖകൾ ‌പറയുന്നു.